ബംഗളൂരു> സ്വകാര്യ സര്‍വകലാശാലയായ അസിം പ്രേംജി യൂണിവേഴ്സിറ്റി (എപിയു)യില്‍ റിലേ നിരാഹാര സമരം നടത്തിയ വിദ്യാര്‍ഥി മരിച്ചു. സഹപാഠികള്‍ക്കൊപ്പം സമരത്തിലുണ്ടായിരുന്ന ഒന്നാംവര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ അഭിജിത് ഷിന്ഡെയാ (26)ണ് കുഴഞ്ഞുവീണ് മരിച്ചത്. വ്യാഴാഴ്ച്ച സമരം അവസാനിച്ചിരുന്നു. വെളളിയാഴ്ച കോളജ് ഫെസ്റ്റിൽ നൃത്തംചെയ്യുന്നതിനിടെ വിദ്യാർഥി കുഴഞ്ഞുവീഴുകയായിരുന്നു. അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹോസ്റ്റലില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രമുള്ള കോളേജിലേക്കും തിരിച്ചുമുള്ള ബസ് യാത്രയ്ക്ക് മാസം 8500 രൂപ ഈടാക്കുന്നതിനെതിരെ വിദ്യാര്‍ഥികള്‍ 13 ദിവസമായി സമരത്തിലാണ്. ബുധനാഴ്ച മുതല്‍ റിലേ നിരാഹാരവും ആരംഭിച്ചിരുന്നു. യൂണിവേഴ്സിറ്റിയുടെ വിദ്യാര്‍ഥി വിരുദ്ധ നയങ്ങളുടെ ഇരയാണ് അഭിജിത്തെന്നും സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നുംഎസ്എഫ്ഐ പ്രതികരിച്ചു.
അതേസമയം, കാമ്പസിലെ വിദ്യാർഥിയുടെ മരണത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായി യൂനിവേഴ്സിറ്റി അധികൃതർ പറഞ്ഞു. വ്യാഴം, വെള്ളി ദിവസങ്ങളിൽ നടന്ന സമരത്തിൽ അഭിജിത്ത് പങ്കെടുത്തിരുന്നില്ല. കുഴഞ്ഞുവീണയുടൻ വിദ്യാർഥിക്ക് അടിയന്തര വൈദ്യ സഹായം ലഭ്യമാക്കിയിരുന്നു. അഭിജിത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം വിഷമത്തിൽ തങ്ങളും പങ്കുചേരുന്നതായും കുടുംബത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നും യൂണിവേഴ്സിറ്റി പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു.