മയ്യഴി> മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ സബ് ജയിലിന് സമീപത്തെ ആയുർ പഞ്ചകർമ്മ സ്പാ മസാജ് സെന്ററിൽ പെൺവാണിഭം. തിരുമ്മൽ കേന്ദ്രം നടത്തിപ്പുകാരനായ കണ്ണൂർ പള്ളിക്കുന്ന് സ്വദേശി വലിയ വളപ്പിൽ വീട്ടിൽ ഷാജി (49)യെയും, ബംഗളൂരു സ്വദേശിയായ യുവതിയെയും മാഹി പൊലീസ് അറസ്റ്റ് ചെയ്തു. മസാജ് സെന്ററിന്റെ മറവിൽ പെൺവാണിഭം നടക്കുന്നുണ്ടെന്ന രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിലുള്ള റെയ്ഡിലാണ് ഇവർ കുടുങ്ങിയത്. തിരുമ്മൽ കേന്ദ്രം സിഐ ശേഖർ അടച്ചുപൂട്ടിച്ചു.
മസാജ് സെന്ററിന്റെ പേരിലുള്ള വാട്സ് അപ്പ് ഗ്രൂപ്പുകളിലൂടെയാണ് യുവതിയുടെ ഫോട്ടോ കാണിച്ച് വാണിഭം നടത്തിയത്. കർണാടക, ആസാം, മണിപ്പൂർ, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള യുവതികളെയാണ് തിരുമ്മൽ കേന്ദ്രത്തിൽ എത്തിച്ചത്. ഓരോ ആഴ്ചയും കുട്ടികളെ മാറ്റിയാണ് ഇടപാട്. മസാജ് സെന്ററിന് ലൈസൻസോ മറ്റു രേഖകളോ ഉണ്ടായിരുന്നില്ല. നടത്തിപ്പുകാരൻ ഷാജിയെ മാഹി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അന്വേഷണം തുടരുകയാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്നും പൊലീസ് അറിയിച്ചു.















