ന്യൂഡൽഹി > തൊഴിലിടങ്ങളിലും വിദ്യാലയങ്ങളിലും ആര്ത്തവ അവധി നിര്ബന്ധമാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്ജി സുപ്രീംകോടതി തള്ളി. നയപരമായ വിഷയമായതിനാല് കോടതിക്ക് തീരുമാനമെടുക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ആവശ്യം ഉന്നയിച്ച് വനിത-ശിശുക്ഷേമ മന്ത്രാലയത്തിന് നിവേദനം നല്കാനും ഹര്ജിക്കാരോട് കോടതി പറഞ്ഞു. ആര്ത്തവ അവധി നല്കാന് നിര്ബന്ധിക്കുന്നത് സ്ത്രീകളെ ജോലിക്കെടുക്കുന്നതില് നിന്ന് തൊഴില് സ്ഥാപനങ്ങളെ പിന്തിരിപ്പിച്ചേക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഡൽഹി സ്വദേശിയായ ശൈലേന്ദ്ര മണി ത്രിപാഠിയാണ് ഹര്ജിയുമായി കോടതിയെ സമീപിച്ചത്. മെറ്റേണിറ്റി ബെനിഫിറ്റ് ആക്ടിലെ പതിനാലാം വകുപ്പ് അനുസരിച്ചുള്ള നടപടിക്ക് സര്ക്കാരുകള്ക്കു നിര്ദ്ദേശം നല്കണമെന്നായിരുന്നു ഹര്ജിയിലെ ആവശ്യം.
നേരത്തെ ആര്ത്തവ അവധി സംബന്ധിച്ച് പാര്ലമെന്റില് ചോദ്യം ഉന്നയിക്കപ്പെട്ടപ്പോള്, ഇപ്പോള് പരിഗണനയില് ഇല്ലെന്നായിരുന്നു കേന്ദ്ര സര്ക്കാരിന്റെ മറുപടി. കേരളത്തിലെ സര്വകലാശാലകളില് ആര്ത്തവ അവധി അനുവദിച്ച പശ്ചാത്തലത്തില് ആയിരുന്നു ചോദ്യം.