കേപ്ടൗൺ
തളികയിൽ കിട്ടിയ വിജയം ഇന്ത്യ തട്ടിമറിച്ചു. അവസാന അഞ്ച് ഓവറിൽ അഞ്ച് വിക്കറ്റ് കൈയിലിരിക്കെ ജയിക്കാൻ വേണ്ടിയിരുന്നത് 39 റൺ. പിന്നീടത് രണ്ട് ഓവറിൽ 20 റണ്ണായി. നാല് വിക്കറ്റും ബാക്കി. അവസാന ഓവറിൽ മൂന്ന് വിക്കറ്റുള്ളപ്പോൾ 16 റൺ. പക്ഷേ, ലക്ഷ്യം നേടാനാകാതെ ഇന്ത്യ കീഴടങ്ങി. ട്വന്റി20 വനിതാ ക്രിക്കറ്റ് ലോകകപ്പ് സെമിയിൽ ഓസ്ട്രേലിയ അഞ്ച് റണ്ണിന് ഇന്ത്യയെ കീഴടക്കി.
തുടർച്ചയായി ഏഴാംതവണയാണ് ഓസീസ് ഫൈനലിലെത്തുന്നത്. അഞ്ചുതവണ കിരീടം നേടിയിട്ടുണ്ട്. സ്കോർ: ഓസീസ് 4–-172, ഇന്ത്യ 8–-167.
ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും (34 പന്തിൽ 52) ജെമീമ റോഡ്രിഗസുമാണ് (24 പന്തിൽ 43) വിജയത്തിന് അടുത്തെത്തിച്ചത്. ഹർമന്റെ റണ്ണൗട്ടാണ് കളി മാറ്റിമറിച്ചത്. റണ്ണെടുക്കുന്നതിനിടെ ബാറ്റ് ക്രീസിലേക്ക് നീട്ടാൻ ഹർമനായില്ല. 31 റണ്ണും രണ്ട് വിക്കറ്റുമെടുത്ത ഓസീസ് ഓൾറൗണ്ടർ ആഷ്ലി ഗാർഡ്നറാണ് കളിയിലെ താരം. ഇന്ത്യൻ ക്യാപ്റ്റനെ റണ്ണൗട്ടാക്കുന്നതിലും ഗാർഡ്നറുടെ ത്രോ നിർണായകമായി. 28 റണ്ണെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടശേഷമാണ് ഇന്ത്യയുടെ തിരിച്ചുവരവ്. ഷഫാലി വർമയും (9) സ്മൃതി മന്ദാനയും (2) യസ്തിക ഭാട്യയും (4) വേഗം മടങ്ങി.
അവസാന 10 ഓവറിൽ ഏഴ് വിക്കറ്റ് കൈയിലിരിക്കെ ജയിക്കാൻ 80 റൺ വേണ്ടിയിരുന്നു. ജെമീമയും ഹർമനും നാലാംവിക്കറ്റിൽ 69 റൺ നേടി. ആറ് ഫോറടിച്ച ജെമീമ പുറത്തായശേഷം റിച്ചാഘോഷിനെ കൂട്ടുപിടിച്ച് ഹർമൻ ഇന്ത്യയെ കരകയറ്റുമെന്ന് കരുതവെ റണ്ണൗട്ടായി. അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ആറ് ഫോറും ഒരു സിക്സറുമടിച്ചു. അപ്പോൾ ഇന്ത്യക്ക് ജയിക്കാൻ 33 പന്തിൽ 40 റൺ മതിയായിരുന്നു.
അവസാന ഓവറുകളിൽ റിച്ചാഘോഷിനെയും (14) സ്നേഹ് റാണയെയും (11) രാധ യാദവിനെയും (0) നഷ്ടമായി. 17 പന്തിൽ 20 റണ്ണുമായി ദീപ്തി ശർമ പുറത്തായില്ല. ആഷ്ലി ഗാർഡ്നറുടെ അവസാന ഓവറിൽ 16 റണ്ണടിക്കാനുള്ള ശേഷി ഇന്ത്യക്കില്ലായിരുന്നു. ആദ്യ മൂന്ന് പന്തിൽ ദീപ്തി ശർമ അഞ്ച് റൺ നേടി. അടുത്ത പന്തിൽ രാധാ യാദവ് പുറത്ത്. അഞ്ചാം പന്തിൽ ശിഖ പാണ്ഡെയ്–ക്ക് ഒരു റൺ.
അവസാന പന്തിൽ ദീപ്തി ഫോറടിച്ചെങ്കിലും വെെകിപ്പോയി. ഓസീസിനായി ഓപ്പണർമാരായ അലിസ ഹീലിയും (25) ബെത്ത് മൂണിയും (54) മികച്ച തുടക്കമാണ് നൽകിയത്. മൂണി ഏഴ് ഫോറും ഒരു സിക്സറുമടിച്ചു. മെഗ് ലാന്നിങ് 34 പന്തിൽ 49 റണ്ണുമായി പുറത്താകാതെനിന്നു. നാല് ഫോറും രണ്ട് സിക്സറും പറത്തിയ ക്യാപ്റ്റനെ പുറത്താക്കാൻ കിട്ടിയ രണ്ട് അവസരവും ഇന്ത്യ പാഴാക്കി. 18 പന്തിൽ 31 റൺ നേടി ആഷ്ലി ഗാർഡ്നർ സ്കോർ ഉയർത്തുന്നതിൽ നിർണായകമായി. ശിഖ പാണ്ഡെ രണ്ട് വിക്കറ്റെടുത്തു. ദീപ്തി ശർമയും രാധാ യാദവും ഓരോ വിക്കറ്റും നേടി.ആദ്യ 10 ഓവറിൽ 69 റണ്ണടിച്ച ഓസീസ് അവസാന 10 ഓവറിൽ നേടിയത് 103 റൺ. ഇന്ന് രണ്ടാംസെമിയിൽ ആതിഥേയരായ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ നേരിടും.