കൊച്ചി
സത്യത്തിൽ മലയാള മനോരമയ്ക്ക് വിരോധം കേരളത്തോടോ, അതോ എൽഡിഎഫ് സർക്കാരിനോടോ? കേരളം ദേശീയശരാശരിയേക്കാൾ വളർച്ചനേടിയെന്ന വാർത്ത ഏതുമലയാളിക്കും അഭിമാനവും സന്തോഷവും നൽകുന്നതാണ്. എന്നാൽ അതിനെയും വികലമാക്കാനാണ് ശ്രമം. കേരളത്തിന്റെ വളർച്ച 12 ശതമാനമല്ല 2.5 മാത്രമെന്ന വാർത്തയിൽ കേരളവിരോധത്തിന്റെ മനോവൈകൃതമാണ് ഒളിഞ്ഞിരിക്കുന്നത്.
ആസൂത്രണ ബോർഡിന്റെ 2021–-22 സാമ്പത്തികവർഷത്തെ കണക്കുപ്രകാരം സംസ്ഥാനം 12.01 ശതമാനം വളർച്ച നേടിയിട്ടുണ്ട്. എന്നാൽ യഥാർഥ വളർച്ച 2.5 ശതമാനംമാത്രമാണെന്നാണ് മനോരമ ലേഖകന്റെ കണ്ടുപിടുത്തം. 2021–-22 സാമ്പത്തികവർഷത്തെ വളർച്ച കണക്കാക്കാൻ മുൻവർഷത്തെ കണക്കുമായല്ല, അതിനും മുമ്പുള്ള (2019–20) വർഷത്തെ കണക്കുമായി ഒത്തുനോക്കണം എന്നാണ് വാദം.
കേന്ദ്ര സ്ഥിതിവിവരമന്ത്രാലയം ഉൾപ്പെടെ ലോകത്തെ എല്ലാ ഔദ്യോഗികസംവിധാനങ്ങളും ഒരു വർഷത്തെ വളർച്ചയും തളർച്ചയും വിലയിരുത്താൻ പരിഗണിക്കുന്നത് തൊട്ടുമുൻവർഷത്തെ കണക്കുകളാണെന്നിരിക്കെയാണ് കേരളത്തിൽമാത്രം അത് പാടില്ലെന്നാണ് യുഡിഎഫ് പത്രത്തിന്റെ വാദം. 2020–-21ൽ കോവിഡിൽ സംസ്ഥാനത്തിന്റെ സാമ്പത്തികവളർച്ച നെഗറ്റീവ് 8.4 ശതമാനത്തിലേക്ക് തകർന്നടിഞ്ഞിരുന്നു. സംസ്ഥാന സർക്കാരിന്റെ നയപരമായ ഇടപെടലുകളും ഉത്തേജക പാക്കേജുകളുമാണ് സമ്പദ്വ്യവസ്ഥയെ മുന്നോട്ടുനയിച്ചതെന്ന് വ്യക്തം.
കേരളത്തി ന്റെ നേട്ടം കുറച്ചുകാണിക്കാൻ ഈ കാലയളവിൽ രാജ്യത്തിന്റെ വരുമാനവളർച്ച 8.7 ശതമാനമാണെന്ന കേന്ദ്ര സ്ഥിതിവിവരമന്ത്രാലയത്തിന്റെ കണക്കും മറച്ചുവച്ചു. തൊട്ട് മുൻവർഷത്തെ വളർച്ചയുമായി ഒത്തുനോക്കിയാണ് ഈ റിപ്പോർട്ടും തയ്യാറാക്കിയത്. 2019–20ലെ കണക്കുമായി ഒത്തുനോക്കിയിരുന്നെങ്കിൽ രാജ്യത്തിന്റെ ആഭ്യന്തര വരുമാനവളർച്ച 1.5 ശതമാനം മാത്രമാകുമായിരുന്നു. ഈ ദേശീയ കണക്കുകൾ മറച്ചുപിടിക്കുന്നു എന്നതാണ് ഈ കേരളവിരുദ്ധ വാർത്തയിലെ മറ്റൊരു തന്ത്രം.