മലപ്പുറം
ആർഎസ്എസുമായി ജമാഅത്തെ ഇസ്ലാമി നടത്തിയ രഹസ്യ ചർച്ച പരസ്യമായതോടെ സിപിഐ എമ്മിനെ പഴിചാരി വിഷയം വഴിതിരിച്ചുവിടാൻ നീക്കം. ഡൽഹി മുൻ ലഫ്റ്റണന്റ് ഗവർണറുടെ വീട്ടിൽ ജമാഅത്തെ ഇസ്ലാമി ജനുവരി 14ന് നടത്തിയ രഹസ്യചർച്ചയുടെ വിവരം ഫെബ്രുവരി 14നാണ് പരസ്യമായത്. ചർച്ചക്കുശേഷം ജമാഅത്തെ ഇസ്ലാമിയോട് കേന്ദ്ര സർക്കാരിന് മൃദുസമീപനമാണുള്ളത്.
2020 ഒക്ടോബറിൽ ജമാഅത്തെ ഇസ്ലാമിയുടെ ഡൽഹിയിലെ ഓഫീസിലും സ്ഥാപനങ്ങളിലും എൻഐഎ റെയ്ഡ് നടത്തിയിരുന്നു. പ്രധാനമായും ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ഓഫീസിലായിരുന്നു പരിശോധന. പിന്നീടും ഇവരുമായി ബന്ധപ്പെട്ട മാധ്യമസ്ഥാപനങ്ങൾക്കെതിരെയും കേന്ദ്ര സർക്കാർ നടപടിയെടുത്തു. ഇതിനിടെയാണ് സംഘപരിവാർ ബന്ധമുള്ള മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എസ് വൈ ഖുറേഷി ഇടനിലക്കാരനായി ചർച്ച നടന്നത്. കഴിഞ്ഞ നവംബറിലും ഖുറേഷിയുമായി ജമാഅത്തെ ഇസ്ലാമി നേതാക്കൾ ചർച്ച നടത്തിയിരുന്നു. വിവാദമായ ഒട്ടേറെ വിഷയങ്ങളിൽ ആർഎസ്എസ് നേതൃത്വം ജമാഅത്തെ ഇസ്ലാമിയുടെ സഹകരണം തേടിയെന്നാണ് വിവരം.
ഇതിനെതിരെ സമസ്തയും മുജാഹിദും കെഎൻഎമ്മും ഉൾപ്പെടെയുള്ള സംഘടനകൾ ചർച്ചയ്ക്കെതിരെ നിലപാടെടുത്തു. ചർച്ചയുടെ ഉള്ളടക്കം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടു. ഇതോടെയാണ് സിപിഐ എമ്മിന്റെ ഇസ്ലാമോഫോബിയ ആണെന്ന പ്രചാരണം ഇവർ തുടങ്ങിയത്.
അഭിപ്രായം പറയേണ്ട
കാര്യമില്ലെന്ന്
വെൽഫെയർ പാർടി
ജമാ അത്തെ ഇസ്ലാമി–- ആർഎസ്എസ് ചർച്ചയിൽ വെൽഫെയർ പാർടി അഭിപ്രായം പറയേണ്ട കാര്യമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചർച്ചയിൽ പങ്കെടുത്ത മുസ്ലിം സംഘടനകൾ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ആർഎസ്എസുമായി നടത്തിയ ചർച്ചയെ തള്ളിപ്പറയുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനും വ്യക്തമായ ഉത്തരം പറയാൻ റസാഖ് പാലേരി തയ്യാറായില്ല.
വെൽഫെയർ പാർടി ഒരു മുന്നണിയുടെയും ഭാഗമല്ല. എന്നാൽ, മുന്നണി രാഷ്ട്രീയത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തും. 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിനെയാണ് പിന്തുണച്ചത്. 2024ലെ തെരഞ്ഞെടുപ്പിൽ ആരെ പിന്തുണയ്ക്കണമെന്നതിൽ ചർച്ച നടക്കുന്നതായും അദ്ദേഹം പറഞ്ഞു.