തിരുവനന്തപുരം > മലപ്പുറം ജില്ലയിലെ നിലമ്പൂര് നിയോജക മണ്ഡലത്തിലെ പൂക്കോട്ടും പാടം മുതല് തമ്പുരാട്ടിക്കല്ല് വരെയുള്ള 34 കിലോമീറ്റര് റോഡിന്റെ ആദ്യറീച്ച് നിര്മ്മാണം അവസാനഘട്ടത്തിലേക്ക്. ജനങ്ങള് സൗജന്യമായി സ്ഥലം വിട്ടുനല്കിയാണ്റോഡ് വികസിപ്പിക്കുന്നത്.
നാടിന്റെ വികസനത്തിനായി ആധുനിക നിലവാരത്തിലുള്ള റോഡ് സൗകര്യം നടപ്പിലാക്കാന് മുന്പോട്ട് വന്ന നിലമ്പൂര് നിയോജകമണ്ഡലത്തിലെ ജനങ്ങളെ പ്രത്യേകം അഭിനന്ദിക്കുന്നതായി മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. നിലമ്പൂർ എംഎൽഎ പി വി അൻവർ ഇക്കാര്യത്തിൽ പ്രധാന പങ്കുവഹിച്ചു.
റോഡിന്റെ ആദ്യ റീച്ചായ പൂക്കോട്ടും പാടം മുതല് കാറ്റാടിക്കടവ് വരെയുള്ള 15 കിലോമീറ്റര് പ്രവൃത്തിയാണ് മാര്ച്ച് മാസത്തോടെ പൂര്ത്തിയാകാന് പോകുന്നത്. കിഫ്ബിയില് നിന്നും 115.38 കോടി രൂപ വിനിയോഗിച്ച് പൂക്കോട്ടും പാടം മുതല് തമ്പുരാട്ടിക്കല്ല് വരെ ആകെ 34 കിലോമീറ്ററാണ് വികസിപ്പിക്കുന്നത്. പ്രവൃത്തി പൂർത്തിയാകുന്നതോടെ നിലമ്പൂരിൻ്റെ മലയോര സമ്പദ്ഘടനയിൽ വലിയ മാറ്റം സംഭവിക്കും. കാർഷിക, വാണിജ്യ മേഖലകളിലും വിനോദ സഞ്ചാരത്തിനും പുത്തനുണർവ്വാകും.