തിരുവനന്തപുരം > ആശുപത്രിയുടെ സമീപത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുന്നവര്ക്കെതിരെ നടപടിയുണ്ടാകുമെന്ന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ബോര്ഡ് നീക്കി ഡോക്ടര്. കാഞ്ഞിരപ്പള്ളി ജനറല് ആശുപത്രിയിലാണ് സംഭവം. കാഞ്ഞിരപ്പള്ളി ജനറല് ആശുപത്രിയില് മന്ത്രി വീണാ ജോര്ജ് കഴിഞ്ഞ ദിവസം സന്ദര്ശിക്കവേ ആശുപത്രിയുടെ സമീപത്ത് സര്ക്കാര് ഡോക്ടറുടെ ബോര്ഡ് ശ്രദ്ധയില്പ്പെട്ടിരുന്നു. ആശുപത്രി പരിസരത്തെ സ്വകാര്യ പ്രാക്ടീസിനെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി പ്രസംഗിക്കുകയും ചെയ്തു. മാത്രമല്ല അന്വേഷണം നടത്താന് ആരോഗ്യ വകുപ്പ് വിജിലന്സിനും മന്ത്രി നിര്ദേശം നല്കി. മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ തൊട്ടടുത്ത ദിവസം ഡോക്ടറുടെ ബോര്ഡ് അപ്രത്യക്ഷമായി.
ഹെല്ത്ത് സര്വീസിന് കീഴിലുള്ള ഡോക്ടര്മാര്ക്ക് സ്വകാര്യ പ്രാക്ടീസ് അനുവദനീയമാണെങ്കിലും ആശുപത്രിയുടെ സമീപത്ത് ബോര്ഡ് വച്ച് സ്വകാര്യ പ്രാക്ടീസ് നടത്തുന്നവര്ക്കെതിരെ കര്ശന നടപടിയുണ്ടാകുമെന്ന് മന്ത്രി വീണാ ജോര്ജ് പറഞ്ഞു. അങ്ങനെയുള്ളവര് അതില് നിന്നും പിന്മാറണം. വീട്ടില് സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനാണ് ഈ ഡോക്ടര്മാര്ക്ക് അനുമതിയുള്ളത്. ചട്ട ലംഘനം നടത്തി ആശുപത്രിയ്ക്ക് സമീപം സ്വകാര്യ പ്രാക്ടീസ് നടത്തുന്നവര്ക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കും. ഇതുസംബന്ധിച്ച് അന്വേഷണം നടത്താന് ആരോഗ്യ വകുപ്പ് വിജിലന്സിന് നിര്ദേശം നല്കിയിട്ടുണ്ട്. സര്ക്കാര് ആശുപത്രികളില് ചികിത്സയിലുള്ള രോഗിയോ ബന്ധുക്കളോ വീട്ടില് പോയി ഡോക്ടറെ കാണരുതെന്നും മന്ത്രി അഭ്യര്ത്ഥിച്ചു.