തിരുവനന്തപുരം
കൃഷിവകുപ്പ് നടത്തുന്ന വാല്യു അഡിഷൻ ഫോർ ഇൻകം ജനറേഷൻ ഇൻ അഗ്രികൾച്ചറലിന്റെ ( വൈഗ)ആറാം പതിപ്പിന് 25 ന് തുടക്കം. പുത്തരിക്കണ്ടത്ത് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സര്ക്കാര് ഫാമുകളിലെ ഉല്പ്പന്നങ്ങള് ഓണ്ലൈന് പ്ലാറ്റ്ഫോമില് എത്തിക്കുന്നതിനായുള്ള കേരൾ അഗ്രോയുടെ ലോഗോ ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രകാശിപ്പിക്കും. ചടങ്ങിൽ കൃഷി മന്ത്രി പി പ്രസാദ് അധ്യക്ഷനാകും. കാർഷിക ഉൽപ്പന്നങ്ങളുടെ സംസ്കരണം, മൂല്യവർധന, വിപണനം എന്നീ മേഖലകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പുവരുത്തുന്നതിനും പൊതു സംരംഭകരെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനുമായാണ് വൈഗ സംഘടിപ്പിക്കുന്നത്. കാർഷിക പ്രദർശനം, സെമിനാറുകൾ, ശിൽപ്പശാലകൾ, ബിസിനസ് മീറ്റ്, അഗ്രി ഹാക്കത്തോൺ, ഡിപിആർ ക്ലിനിക്ക് എന്നിവയും നടക്കും. ആറ് സംസ്ഥാനങ്ങളിലെ കൃഷിമന്ത്രിമാർ പങ്കെടുക്കും.
210 സ്റ്റാളാണുള്ളത്. എല്ലാദിവസവും കലാപരിപാടികളും അരങ്ങേറും. 28 മുതൽ ബിസിനസ് മീറ്റ് മാസ്ക്കറ്റ് ഹോട്ടലിൽ നടക്കും. ഉൽപ്പാദകർ, സംരംഭകർ, വ്യാപാരികൾ, വ്യവസായികൾ എന്നിവർ പങ്കെടുക്കും. 145 ഉൽപ്പാദകരുടെ ഉൽപ്പന്നങ്ങൾ ഇതിലൂടെ വിറ്റഴിക്കുകയാണ് ലക്ഷ്യം. വെള്ളായണി കാർഷിക കോളേജിൽ 25 മുതൽ 27 വരെയാണ് അഗ്രി ഹാക്കത്തോൺ. മുൻകൂട്ടി രജിസ്റ്റർ ചെയ്ത ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികൾ, സ്റ്റാർട്ടപ്പുകൾ, പ്രൊഫഷണലുകൾ, കർഷകർ തുടങ്ങിയവരാണ് ഹാക്കത്തോണിൽ പങ്കെടുക്കുക. 30 ടീം ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കും. പുത്തരിക്കണ്ടത്തിലെ പ്രദർശന നഗരിയിലേക്ക് പാസ് മുഖേനയായിരിക്കും പ്രവേശനം. സമാപന സമ്മേളനം മാർച്ച് രണ്ടിന് സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ കൃഷിമന്ത്രി പി പ്രസാദ്, വകുപ്പ് സെക്രട്ടറി ബി അശോക്, ഡയറക്ടർ കെ എസ് അഞ്ജു എന്നിവരും പങ്കെടുത്തു.