ന്യൂഡൽഹി> മികച്ച പാർലമെന്റേറിയനുള്ള സൻസദ് രത്ന പുരസ്കാരത്തിന് അർഹനായ ഡോ. ജോൺ ബ്രിട്ടാസ് എംപി അടക്കമുള്ളവർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി സഹപ്രവർത്തകരെ അഭിനന്ദിച്ചത്.
“സൻസദ് രത്ന പുരസ്കാരത്തിന് അർഹരായ പാർലമെന്റിലെ സഹപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. സമ്പന്നമായ ഉൾക്കാഴ്ചകളാൽ പാർലമെന്ററി നടപടികളെ സമ്പന്നമാക്കാൻ അവർക്ക് കഴിയട്ടെ”- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയും എംപിമാർക്ക് അഭിനന്ദനങ്ങൾ നേർന്നു.
Congratulations to the MP colleagues who will be conferred the Sansad Ratna Awards. May they keep enriching parliamentary proceedings with their rich insights. https://t.co/IqMZmLfC1l
— Narendra Modi (@narendramodi) February 22, 2023
ഡോ. ജോൺ ബ്രിട്ടാസിനെ കൂടാതെ രാജ്യസഭയിൽനിന്ന് ഡോ. മനോജ് കുമാർ ഝാ, ഫൗസിയ തഹ്സീൻ അഹമ്മദ് ഖാൻ എന്നിവരും ലോക്സഭാ അംഗങ്ങളായ ബിദ്യുത് ബരൺ മഹതോ, ഡോ. സുകാന്ത മജുംദാർ, കുൽദീപ് റായ് ശർമ്മ, ഡോ. ഹീണ വിജയകുമാർ ഗാവിത, അധിർ രഞ്ജൻ ചൗധരി, ഗോപാൽ ചിനയ്യ ഷെട്ടി, സുദീർ ഗുപ്ത, ഡോ. അമോൽ റാം സിംഗ് കോളി എന്നിവരുമാണ് സൻസദ് രത്ന അവാർഡിന് അർഹരായത്.
ഡോ. എപിജെ അബ്ദുൾ കലാം ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് മുൻ എംപി ടി കെ രംഗരാജൻ അർഹനായി. ലോക് സഭയുടെ ധനകാര്യ കമ്മിറ്റി, രാജ്യ സഭയുടെ ട്രാൻസ്പോർട്ട് ടൂറിസം കൾച്ചറൽ കമ്മിറ്റി എന്നിവയും അവാർഡിന് അർഹമായി.