കണ്ണൂർ
കേരളത്തിന്റെ പ്രതിരോധം രാജ്യത്തിന്റെ പൊതുബോധമായി ഉയർത്തി സിപിഐ എം ജനകീയ പ്രതിരോധ ജാഥ. കെ–- റെയിൽ എന്തിന്, കെ–- റെയിൽവിരുദ്ധ സമരത്തിൽ കോൺഗ്രസും ബിജെപിയും സകലമാന പിന്തിരിപ്പൻ ശക്തികളും കൈകോർക്കുന്നതെന്തുകൊണ്ട്, നാടിന്റെ വികസനത്തിന് അനിവാര്യമായ പദ്ധതികൾക്ക് തുരങ്കംവയ്ക്കുന്നവർ ലക്ഷ്യമിടുന്നത് എന്താണ്? ഇങ്ങനെ ഒരുപാട് ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും നൽകുകയാണ് പാർടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജാഥ.
കേന്ദ്ര സർക്കാർ കേരളത്തോട് കാട്ടുന്ന അവഗണനയുടെ തീവ്രത തുറന്നുകാട്ടുന്നതോടൊപ്പം എൽഡിഎഫ് സർക്കാർ കേരളത്തിൽ നടപ്പാക്കുന്ന എണ്ണമറ്റ വികസന പ്രവർത്തനങ്ങൾ ബഹുജനങ്ങൾക്കിടയിൽ വിശദീകരിച്ചാണ് ജാഥ രണ്ടാം ദിവസമായ ചൊവ്വാഴ്ച പര്യടനം നടത്തിയത്. ജമാ അത്തെ ഇസ്ലാമി–-ആർഎസ്എസ് ബാന്ധവവും വർഗീയശക്തികൾ പരസ്പരം ഊന്നുവടിയാകുന്നതും ഇതിനെല്ലാം ഒത്താശ ചെയ്യുന്ന യുഡിഎഫ്–-ബിജെപി അന്തർധാരയും ജാഥയിൽ ചർച്ചയാകുന്നു.
ചൊവ്വാഴ്ച രാവിലെ കാസർകോട് ജില്ലയിലെ കുണ്ടംകുഴിയിൽനിന്നാരംഭിച്ച് കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയിൽ സമാപിച്ച ജാഥയെ വരവേൽക്കാൻ നാടാകെ ഒഴുകിയെത്തി. പതിനായിരം പേരെവീതം ഓരോ സ്വീകരണകേന്ദ്രത്തിലും പങ്കെടുപ്പിക്കാനാണ് തീരുമാനമെങ്കിലും കാൽലക്ഷംവരെയെത്തി.
കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട്, കാലിക്കടവ് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം കണ്ണൂർ ജില്ലയിലേക്ക് വരവേറ്റു. കാലിക്കടവിൽ വൻ ജനാവലിയാണ് ജാഥയെ കണ്ണൂർ ജില്ലയിലേക്ക് വരവേറ്റത്. സ്വീകരണകേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റനുപുറമെ മാനേജർ പി കെ ബിജു, അംഗങ്ങളായ സി എസ് സുജാത, എം സ്വരാജ്, ജെയ്ക് സി തോമസ്, കെ ടി ജലീൽ എന്നിവർ സംസാരിച്ചു.
ഇന്ന് അഞ്ചിടത്ത്
രാവിലെ പത്തിന് തളിപ്പറമ്പിൽ, 11ന് ശ്രീകണ്ഠപുരം, മൂന്നിന് മട്ടന്നൂർ , നാലിന് പാനൂർ, വൈകിട്ട് അഞ്ചിന് കണ്ണൂരിൽ സമാപനം















