തിരുവനന്തപുരം
ശബരിമല സ്ത്രീ പ്രവേശനത്തിൽ സന്ദീപാനന്ദഗിരി സ്വീകരിച്ച പുരോഗമന നിലപാടാണ് ആർഎസ്എസിനെ ആശ്രമത്തിന് തീയിടാൻ പ്രേരിപ്പിച്ചത്. ആശ്രമം കത്തിക്കുമെന്ന് ബിജെപി നേതാക്കൾ പ്രസംഗിച്ച് ഒരാഴ്ചയ്ക്കുള്ളിലായിരുന്നു ആക്രമണം. തെളിവ് നശിപ്പിച്ചെന്ന് ആശ്വസിച്ച ആർഎസ്എസുകാർക്ക് വിനയായത് ശാസ്ത്രീയ തെളിവുകളാണ്. മൂന്നാംപ്രതി ശബരി എസ് നായർ സംഭവ ദിവസം പുലർച്ചെ സുഹൃത്ത് വിശാഖിനെ വിളിച്ചതായി തെളിഞ്ഞു. 3.47നും 4.15നും ഇടയിലായിരുന്നു വിളി. ടവർ ലൊക്കേഷനിൽനിന്ന് ഇയാൾ സംഭവസ്ഥലത്തുണ്ടായിരുന്നെന്ന് വ്യക്തമായി. വിശാഖിനെ ചോദ്യം ചെയ്തപ്പോൾ ശബരി പുലർച്ചെ വീട്ടിലെത്തിയെന്നും സുഹൃത്തായ വിജിലേഷിന് സ്കൂട്ടർ നൽകാൻ പേരൂർക്കട ആശുപത്രിയിലേക്ക് പോയെന്നും മൊഴി നൽകി. ഇത് സംബന്ധിച്ച അന്വേഷണത്തിലാണ് ആക്രമണത്തിന് ഉപയോഗിച്ച ബൈക്ക് കണ്ടെത്തിയത്. വിജിലേഷിന്റെ ഉടമസ്ഥതയിലുള്ള പൾസർബൈക്ക് തലേദിവസം ആശുപത്രിയിൽനിന്ന് വാങ്ങിയ ശേഷം രാവിലെ എട്ടോടെ തിരികെ നൽകുകയായിരുന്നു. സിസിടിവി പരിശോധനയിലും ഈ വാഹനം കണ്ടെത്തി. ഓടങ്കുഴി ഭാഗത്തുനിന്ന് 2.18ന് ആശ്രമത്തിലേക്ക് പോയതായും 2.29ന് തിരികെ വരുന്നതായും ക്യാമറയിലുണ്ട്. ഇതിനിടയിലാണ് ആശ്രമം കത്തിയതെന്ന് സമീപത്തെ വീട്ടിലെ സിസിടിവിയിൽ നിന്നും വ്യക്തമായി. എട്ട് വർഷം മാത്രം പഴക്കമുണ്ടായിരുന്ന ബൈക്ക് സംഭവം നടന്ന് ചുരുങ്ങിയ ദിവസത്തിനുള്ളിൽ ആക്രിവിലയ്ക്ക് വിറ്റ് പൊളിച്ച് കളഞ്ഞതായും കണ്ടെത്തി. ഒന്നാം പ്രതി പ്രകാശും മറ്റൊരാളും ബുള്ളറ്റിലാണ് എത്തിയത്. വലിയവിള, ഇലിപ്പോട് ജങ്ഷൻ എന്നിവിടങ്ങളിൽനിന്ന് ശേഖരിച്ച സിസിടിവി ദൃശ്യത്തിൽ ഇതുണ്ട്. സംഭവം നടന്ന ദിവസം പ്രതികളായ ശബരിയും പ്രകാശും നാല് തവണ ഫോണിൽ ബന്ധപ്പെട്ടതായും കണ്ടെത്തി.
മിണ്ടാട്ടംമുട്ടി
ബിജെപി
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ സ്വന്തം പ്രവർത്തകർ പിടിയിലായതോടെ മിണ്ടാട്ടമില്ലാതെ ആർഎസ്എസ്–- ബിജെപി നേതൃത്വം. തെളിവെല്ലാം നശിപ്പിച്ച ധൈര്യത്തിൽ തീവയ്പിൽ പങ്കില്ലെന്ന് ഘോഷിച്ച് നടന്നവർക്കാണ് അറസ്റ്റ് ഇടിത്തീയായത്. ആർഎസ്എസിനുവേണ്ടി കുഴലൂത്ത് നടത്തിയ മാധ്യമങ്ങളും സ്വന്തം നാവിൽ കടിച്ച അവസ്ഥയിലാണ്. ആശ്രമം കത്തിച്ചത് സന്ദീപാനന്ദഗിരിയാണെന്ന് വരുത്തിത്തീർക്കാനാണ് തുടക്കംമുതൽ ആർഎസ്എസ്, ബിജെപി നേതൃത്വം ശ്രമിച്ചത്. സമൂഹമാധ്യമങ്ങളിൽ സൈബർ പോരാളികളെ ഇറക്കിയായിരുന്നു കുളംകലക്കൽ. ആർഎസ്എസ് മർദനത്തെതുടർന്ന് ആത്മഹത്യ ചെയ്ത പ്രകാശിന്റെ സഹോദരൻ പ്രശാന്ത് നടത്തിയ വെളിപ്പെടുത്തലിനോട് ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രൻ പ്രതികരിച്ച രീതി വലിയ വിമർശത്തിന് ഇടയാക്കിയിരുന്നു. സ്വന്തം പ്രവർത്തകനായിരുന്ന പ്രകാശിന്റെ മൃതദേഹത്തെ അപമാനിക്കുന്ന കാർട്ടൂണാണ് സുരേന്ദ്രൻ ഇതിന് ഉപയോഗിച്ചത്. പിന്നീട് പ്രശാന്തിനെ ഭീഷണിപ്പെടുത്തി മൊഴി തിരുത്തിക്കുകയും ചെയ്തു. കേസ് തെളിയിച്ച ഉദ്യോഗസ്ഥനെ വ്യക്തിപരമായി പരിഹസിച്ചാണ് മലയാള മനോരമ ആർഎസ്എസ് പ്രീതി ഊട്ടിയുറപ്പിച്ചത്. പരേതനെ പ്രതിയാക്കി കേസെടുത്തു എന്നായിരുന്നു വാർത്ത.
പ്രകാശിന്റെ മരണവുമായി ബന്ധപ്പെട്ട് നാല് ആർഎസ്എസ് പ്രവർത്തകർ പിടിയിലായിട്ടും അതിലൊരാൾ ആശ്രമം കത്തിച്ച കേസിൽ പ്രതിയാണെന്ന് ഉറപ്പിച്ചിട്ടും ഈ തെറ്റ് തിരുത്താൻ ഇവരാരും തയ്യാറായിട്ടില്ല. അറസ്റ്റും തുടർ നടപടിയും വാർത്തപോലും അല്ലെന്ന മട്ടാണ്.
നുണയിൽ ആനന്ദം
കണ്ടെത്തിയവർക്കുള്ള
മറുപടി: സന്ദീപാനന്ദഗിരി
ആശ്രമം കത്തിച്ച സംഭവത്തിൽ കഴിഞ്ഞ കാലമത്രയും നുണപ്രചാരണം നടത്തി ആനന്ദം കണ്ടെത്തിയവർക്കുള്ള മറുപടിയാണ് ആർഎസ്എസുകാരന്റെ അറസ്റ്റെന്ന് സ്വാമി സന്ദീപാനന്ദഗിരി. വിലാസമില്ലാത്തവർ സമൂഹ മാധ്യമങ്ങളിൽ നുണപ്രചാരണവും അസഭ്യവർഷവുമാണ് നടത്തിയത്. മാന്യരെന്ന് കരുതുന്ന അഡ്വ. ജയശങ്കറിനെപ്പൊലുള്ള ആളുകൾ സന്ദീപാനന്ദഗിരി തന്നെയാണ് സംഭവത്തിന് പിന്നിലെന്ന് പറഞ്ഞു. സത്യത്തോടും ധർമത്തോടും പുലബന്ധമില്ലാത്ത പ്രസ്താവനകളാണ് ഇവർ നടത്തിയത്.
ബിജെപിയുടെയും ആർഎസ്എസിന്റെയും ഔദാര്യം പറ്റിയാണ് ഇത്തരം പ്രസ്താവനകൾ നടത്തിയതെന്നുവേണം മനസ്സിലാക്കാൻ.
സമൂഹത്തിന് മുന്നിൽ സുതാര്യമായി പ്രവർത്തിക്കുന്ന താൻ ഇത്തരത്തിൽ ചെയ്യില്ലെന്ന് അറിഞ്ഞിട്ടും നുണ പ്രചരിപ്പിച്ചവർക്കുള്ള തിരിച്ചടിയാണ് അറസ്റ്റ്.കേസ് അന്വേഷിക്കാനും യഥാർഥ പ്രതിയെ പിടികൂടാനും ഉത്സാഹിച്ച മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരോടും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.















