തിരുവനന്തപുരം
എഐസിസി അംഗങ്ങളെ 65ൽ നിന്ന് 41 ആയി കുറയ്ക്കണമെന്ന നിർദേശം നടപ്പാക്കിയത് പട്ടികജാതി, സ്ത്രീ പ്രാതിനിധ്യം വെട്ടിക്കുറച്ചും ഏക കെഎസ്യു പ്രതിനിധിയെ പിൻവലിച്ചും. പട്ടികജാതി പ്രതിനിധികളായി എട്ടുപേർ എഐസിസിയിൽ ഉണ്ടായിരുന്നത് ഇപ്പോൾ നാലായി. കൊടിക്കുന്നിൽ സുരേഷ്, വി പി സജീന്ദ്രൻ, ജയലക്ഷ്മി, എ പി അനിൽകുമാർ എന്നിവരെ നിലനിർത്തിയപ്പോൾ തുളസി, വിദ്യാധരൻ, കെ എസ് ഗോപകുമാർ, സുധീർ എന്നിവർ പുറത്തായി. തുളസിയെ കൂടാതെ മാലേത്ത് സരളാദേവി, ഹരിപ്രിയ, അൻസജിത റസൽ എന്നിവരെ കൂടി ഒഴിവാക്കിയതോടെ വനിതകളുടെ പ്രാതിനിധ്യവും പകുതിയായി. കെഎസ്യു പ്രസിഡന്റായിരുന്ന അഭിജിത്തിനെ ഉൾപ്പെടുത്തിയിരുന്നതും വെട്ടി. പുതിയ പ്രസിഡന്റിനെയും ഉൾപ്പെടുത്തിയില്ല. അഭിജിത്തിനെ കൂടാതെ, തമ്പാനൂർ രവിയെ വോട്ടില്ലാത്ത അംഗമാക്കിയും പി എ മാധവൻ, കെ സി അബു, ഒ അബ്ദുറഹ്മാൻകുട്ടി എന്നിവരെ തഴഞ്ഞതും എ ഗ്രൂപ്പിന് തിരിച്ചടിയായി.
എംഎൽഎ അല്ലാത്ത വി ടി ബലറാമിനെ പരിഗണിച്ചപ്പോൾ തിരുവനന്തപുരം ജില്ലയിലെ ഏക കോൺഗ്രസ് എംഎൽഎ എം വിൻസന്റിനെ പരിഗണിക്കാത്തത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. പകരം, ഡിസിസി അധ്യക്ഷസ്ഥാനത്ത് തുടരുമെന്ന് പോലും ഉറപ്പില്ലാത്ത പാലോട് രവിയെ ഉൾപ്പെടുത്തിയത് വി ഡി സതീശന്റെ താൽപ്പര്യത്തിലാണെന്നാണ് ആക്ഷേപം. പുതിയ പട്ടികയ്ക്കെതിരെ വ്യാപക പ്രതിഷേധമാണുള്ളത്. പട്ടികജാതി പ്രാതിനിധ്യം കുറച്ചതിനെതിരെ നേതൃത്വത്തിന് പരാതി നൽകുമെന്ന് നേതാക്കൾ പറഞ്ഞു.
പത്തനംതിട്ടയിൽ പരസ്യപ്രസ്താവന വിലക്കി, കൂട്ടരാജി ഭീതിയിൽ
കോൺഗ്രസ്
പുനഃസംഘടനാ വിവാദം രൂക്ഷമായ പത്തനംതിട്ടയിൽ കൂട്ടരാജി ഭീതിയിൽ കോൺഗ്രസ് നേതൃത്വം. അടുത്തിടെ രാജിവച്ച 150 പേർക്ക് പുറമെ ഡിസിസിയിലെ മുതിർന്ന നേതാക്കളടക്കം പാർടിവിടുമെന്ന് കെപിസിസിക്ക് സൂചന കിട്ടി. മാർച്ച് ആദ്യ വാരത്തിൽ രാജി പ്രഖ്യാപനമുണ്ടാകുമോയെന്നും നേതൃത്വം ഭയക്കുന്നുണ്ട്. ഇത് മുന്നിൽക്കണ്ടാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പത്തനംതിട്ട ഡിസിസിക്ക് പരസ്യപ്രസ്താവനാവിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ, വിലക്ക് കാട്ടി പേടിപ്പിക്കേണ്ട എന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ. ജില്ലാ സമിതി 55 പേരുടെ പട്ടികയാണ് പുനഃസംഘടയ്ക്കായി നൽകിയത്. എന്നാൽ, ഒരുപേരുപോലും നൽകാൻ മുൻ ഡിസിസി അധ്യക്ഷരായ കെ ശിവദാസൻനായരും പി മോഹൻരാജും തയ്യാറായില്ല. പി ജെ കുര്യനും ഡിസിസി അധ്യക്ഷൻ സതീഷ് കൊച്ചുപറമ്പിലിനുമെതിരെയും അംഗങ്ങൾ ഗുരുതര ആരോപണം ഉന്നയിക്കുന്നുണ്ട്. നേതാക്കൾക്കിടയിലെ അസ്വാരസ്യങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകളിൽ ആശങ്കയുണ്ട്. കെട്ടുറപ്പിനെ ബാധിക്കുന്ന പ്രവർത്തനം ഗുരുതര അച്ചടക്ക ലംഘനമാണ്. ഈ പ്രവണത ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്നും സുധാകരൻ പറഞ്ഞു.















