തൃശൂർ
നാലുനാളായി ലോകമെമ്പാടും നടത്തിയ ചുറ്റുവട്ട പക്ഷിനിരീക്ഷണം (ഗ്രേറ്റ് ബാക്ക്യാർഡ് ബേഡ് കൗണ്ട്) പൂർത്തിയായി. പക്ഷികളുടെ നിരീക്ഷണത്തിലും പങ്കാളിത്തത്തിലും രാജ്യത്ത് കേരളം മുന്നിൽ. ലോകത്ത് അമേരിക്കയാണ് മുന്നിൽ. ഇന്ത്യക്ക് രണ്ടാംസ്ഥാനമാണ്. കേരളത്തിൽ തൃശൂരാണ് മുന്നിൽ.
ലോകത്ത് എവിടെയിരുന്നും ചുറ്റുവട്ടത്തുള്ള പക്ഷികളെ നിരീക്ഷിച്ച് ഓരോ 15 മിനിറ്റിലും തിരിച്ചറിഞ്ഞ പക്ഷികളുടെ പേരടക്കം നിരീക്ഷണക്കുറിപ്പ് തയ്യാറാക്കി, വെബിൽ രേഖപ്പെടുത്തുന്ന രീതിയിലായിരുന്നു ലോക പക്ഷിസർവേ. ഇത്തരത്തിലുള്ള നിരീക്ഷണക്കുറിപ്പുകളുടെ എണ്ണം കണക്കാക്കിയാണ് മുന്നിട്ട് നിൽക്കുന്ന രാജ്യങ്ങളെയും സംസ്ഥാനങ്ങളെയും ജില്ലകളെയും കണക്കാക്കുന്നത്. ഓരോ പ്രദേശത്തും എത്തുന്ന പക്ഷികളുടെ കുറവും വർധനയും മനസ്സിലാക്കി സംരക്ഷണത്തിനുള്ള മാർഗരേഖയായി ഇത് മാറുമെന്ന് പക്ഷിശാസ്ത്രജ്ഞൻ പി ഒ നമീർ പറഞ്ഞു.
ജിബിബിസി ലോകപക്ഷി സർവേയുടെ ഭാഗമായി ബേർഡ് കൗണ്ട് ഇന്ത്യ കളക്ടീവാണ് രാജ്യത്ത് സർവേ സംഘടിപ്പിച്ചത്. ലോകത്ത് 2,86,200 നിരീക്ഷണങ്ങളിൽ 7257പക്ഷി ഇനങ്ങളെ കണ്ടെത്തി. 1,76,484 നിരീക്ഷണക്കുറിപ്പുകളുമായി അമേരിക്കയാണ് മുന്നിൽ. 43,136 കുറിപ്പുമായി ഇന്ത്യ രണ്ടാംസ്ഥാനത്താണ്. എന്നാൽ, ഏറ്റവും കൂടുതൽ പക്ഷി ഇനങ്ങളെ കണ്ടെത്തിയത് ഇന്ത്യയിലാണ് (1058 ഇനം).
ഇന്ത്യയിൽ കേരളമാണ് നിരീക്ഷണത്തിൽ മുന്നിൽ. 9194 നിരീക്ഷണങ്ങളിലായി 321 പക്ഷി ഇനങ്ങൾ രേഖപ്പെടുത്തി. സംസ്ഥാനത്ത് 2451 നിരീക്ഷണങ്ങളിൽ 209 ഇനങ്ങളെ നിരീക്ഷിച്ച് തൃശൂർ പറന്നുയർന്നു. 1037നിരീക്ഷണങ്ങളിൽ 194 ഇനങ്ങളുമായി പത്തനംതിട്ട രണ്ടാംസ്ഥാനത്തും 982 നിരീക്ഷണങ്ങളിൽ 182 പക്ഷി ഇനങ്ങളുമായി കാസർകോട് മൂന്നാംസ്ഥാനത്തുമാണ്.















