തിരുവനന്തപുരം
ടൈഫോയ്ഡ് വാക്സിന്റെ ലഭ്യത ഉറപ്പാക്കാൻ 10 ലക്ഷത്തോളം വാക്സിൻ വാങ്ങാനുള്ള നടപടികൾക്ക് തുടക്കംകുറിച്ച് ആരോഗ്യവകുപ്പ്. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെൽത്ത് കാർഡ് എടുക്കുന്നവർക്ക് ടൈഫോയ്ഡ് വാക്സിനും നിർബന്ധമാണ്. ഈ സാഹചര്യത്തിൽ കൂടുതൽ ആവശ്യക്കാർ എത്തിയതോടെയാണ് വാക്സിൻ സംഭരിക്കാൻ തീരുമാനിച്ചത്.
ഡോസ്, വയൽ എന്നിങ്ങനെ രണ്ട് രീതിയിലും വാക്സിൻ വാങ്ങാവുന്ന വിധത്തിലാണ് ക്വട്ടേഷൻ ക്ഷണിച്ചിട്ടുള്ളത്. ലാഭകരമായ രീതിയിൽ കിട്ടുന്നത് എങ്ങനെയെന്ന് നോക്കി ഇത് തീരുമാനിക്കും. സംസ്ഥാനത്തെ കാരുണ്യ ഫാർമസികൾ മുഖേന വാക്സിൻ വിതരണം ചെയ്യും. 71 കാരുണ്യ ഫാർമസിയാണ് സംസ്ഥാനത്തുള്ളത്. ഓരോ കേന്ദ്രത്തിലും കുറഞ്ഞത് ആയിരം ഡോസ് വാക്സിനെങ്കിലും ഉറപ്പാക്കും. സ്വകാര്യ മെഡിക്കൽ ഷോപ്പുകൾ ടൈഫോയ്ഡ് വാക്സിന്റെ വിലകുറഞ്ഞ മരുന്നുകൾ പൂഴ്ത്തിവച്ച് വിലകൂടിയവ വിൽക്കുന്നുവെന്ന പരാതിയുയർന്നിരുന്നു. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് മന്ത്രി നിർദേശം നൽകിയിരുന്നു.
ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെൽത്ത് കാർഡ് എടുക്കുന്നവർക്ക് ടൈഫോയ്ഡ് വാക്സിൻ 2011 ൽ തന്നെ നിർബന്ധമാക്കിയിട്ടുള്ളതാണ്. ടൈഫോയ്ഡ് വാക്സിൻ അവശ്യമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടാത്തതിനാൽ കെഎംഎസ്സിഎൽ വഴി ലഭ്യമാക്കിയിരുന്നില്ല. ആവശ്യം പരിഗണിച്ചാണ് കുറഞ്ഞ വിലയിൽ കാരുണ്യവഴി ഇത് ലഭ്യമാക്കുക. ഫെബ്രുവരി അവസാനത്തോടെ ടെൻഡർ നടപടി പൂർത്തിയാക്കാനായേക്കും. മാനദണ്ഡമനുസരിച്ചുള്ള ഹെൽത്ത് കാർഡിന് 28 വരെ സാവകാശം അനുവദിച്ചിട്ടുണ്ട്. ഭക്ഷ്യസ്ഥാപനങ്ങളിലെ 60 ശതമാനത്തോളം ജീവനക്കാർ ഹെൽത്ത് കാർഡ് എടുത്തുകഴിഞ്ഞുവെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വിലയിരുത്തൽ. ബാക്കി വരുന്ന 40 ശതമാനം പേർക്കുകൂടി ഹെൽത്ത് കാർഡ് എടുക്കാനാവശ്യമായ സാവകാശം പരിഗണിച്ചാണ് ഈ മാസം അവസാനംവരെ സമയം അനുവദിക്കുന്നത്.
ഭാരത് ബയോടെക്കിന്റെ ടൈപ്ബാർ, ബയോളജിക്കൽ ഇ ലിമിറ്റഡിന്റെ ടൈഫിബെവ്, ബയോമെഡിന്റെ പെഡാടൈഫ്, കാഡില ഹെൽത്ത്കെയറിന്റെ സൈവാക് എന്നിവയാണ് പ്രധാന ഇന്ത്യൻ നിർമിത ടൈഫോയ്ഡ് വാക്സിനുകൾ. ആയിരത്തിലധികമാണ് ഈ വാക്സിനുകളുടെ വില. 200മുതൽ 500ൽ താഴെ വിലയുള്ള വാക്സിനുകളാകും കാരുണ്യ ഫാർമസിവഴി വിതരണം ചെയ്യുക. രോഗം ഏതായാലും, വില കുറഞ്ഞതും ഗുണമേന്മയുള്ളതുമായ വാക്സിൻ മറച്ചുവച്ച് വിലകൂടിയവ വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിക്ക് ഒരുങ്ങുകയാണ് ആരോഗ്യവകുപ്പ്.















