തിരുവനന്തപുരം
ശമ്പളത്തിന് ആനുപാതികമായി പെൻഷൻ വാങ്ങിയിരുന്നവരിൽനിന്ന് ഇപിഎഫ്ഒ വീണ്ടും രേഖകൾ ചോദിക്കുന്നത് നിയമലംഘനവും നിന്ദ്യവുമെന്ന് പെൻഷൻകാർ. ആനുപാതിക പെൻഷൻ ലഭ്യമാകുന്നതിന് ആവശ്യമായ എല്ലാ രേഖകളും ഇപിഎഫ്ഒയ്ക്ക് സമർപ്പിച്ചതും പരിശോധിച്ചതുമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് പെൻഷൻ നൽകിയത്. അതേ രേഖകൾ വീണ്ടും ചോദിക്കുന്നത് നിരർഥകമാണ്. അന്ന് അപേക്ഷിച്ചവർ പലരും ഇപ്പോൾ പ്രായമായവരും രോഗികളും ഓർമ പോയവരും മറ്റുമാണ്. ഇത്തരത്തിലുള്ള ക്രൂരത അവരോട് ഇപിഎഫ്ഒ ചെയ്യരുതെന്നും പെൻഷൻകാർ ആവശ്യപ്പെട്ടു.
കോടതി വിധിയുടെ അടിസ്ഥാനത്തിൽ ലഭിക്കുന്ന ആനുകൂല്യം തിരിച്ചുപിടിക്കുന്നതും നിയമലംഘനമാണ്. ഇപിഎഫ്ഒയുടെ പുതിയ നോട്ടീസ് പ്രകാരം തെറ്റായി തീർപ്പാക്കി പെൻഷൻ വാങ്ങിയവരുടെ ഉയർന്ന പെൻഷൻ വെട്ടിക്കുറച്ചുവെന്നുണ്ട്. എങ്കിൽ തെറ്റായി തീർപ്പാക്കിയ കോടതികളെയാണ് ഇപിഎഫ്ഒ ശിക്ഷിക്കേണ്ടത്. തെറ്റായാണ് കോടതികൾ തീർപ്പാക്കിയതെന്നത് ഇപിഎഫ്ഒയുടെ വ്യാഖ്യാനം മാത്രമാണ്.
‘ഉയർന്ന പെൻഷൻ വാങ്ങിയവർ’ എന്ന ഇപിഎഫ്ഒയുടെ വിശേഷണവും ശരിയല്ല, ശമ്പളത്തിന് ആനുപാതിക പെൻഷനാണ് വാങ്ങുന്നത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നേരത്തേ കൊടുത്ത പെൻഷൻ തിരിച്ചുപിടിക്കുന്നതെന്ന ഇപിഎഫ്ഒയുടെ വാദവും ശരിയല്ല. ജീവിതകാലം മുഴുവൻ ജോലിയെടുത്ത് അവസാന കാലങ്ങളിൽ ലഭിക്കുന്ന പെൻഷൻ ആനുകൂല്യം എങ്ങനെയും തടയുകയെന്നതാണ് ഇപിഎഫ്ഒ നിലപാട്. ഇതിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് പ്രോവിഡന്റ് ഫണ്ട് പെൻഷണേഴ്സ് അസോസിയേഷൻ അഡീഷണൽ ചീഫ് പിഎഫ് കമീഷണർക്കും മൂന്ന് റീജണൽ പിഎഫ് കമീഷണർമാർക്കും നിവേദനം നൽകി.















