കാസർകോട്
ആരോഗ്യ–- സേവന മേഖലകളിലുൾപ്പെടെ കേരളം നടത്തുന്ന ജനക്ഷേമ ഇടപെടലുകൾ ഇല്ലാതാക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കുമ്പളയിൽ സിപിഐ എം നേതൃത്വത്തിലുള്ള ജനകീയ പ്രതിരോധ ജാഥയുടെ ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജാഥാ ലീഡർകൂടിയായ ഗോവിന്ദൻ.
വർഷംതോറും പതിനായിരക്കണക്കിന് കോടി രൂപയുടെ കുറവ് വിഹിതമാണ് കേന്ദ്രം കേരളത്തിന് അനുവദിക്കുന്നത്. സാമ്പത്തികമായി കേരളത്തെ ഞെരുക്കുമ്പോഴും സാധാരണക്കാർക്ക് ജനങ്ങൾ നൽകുന്ന സേവനങ്ങളിൽ കുറവ് വരാതെ സംസ്ഥാനം ജാഗ്രതപാലിക്കുന്നു. അപ്പോഴെല്ലാം സർക്കാർ ജനങ്ങൾക്ക് നൽകുന്ന വാഗ്ദാനങ്ങൾ നടപ്പാക്കുമെന്നതിന്റെ ഗ്യാരണ്ടിയാണ് മുഖ്യമന്ത്രിയുടെ ഓരോ വാക്കും.
ഇന്ത്യ ഇതുപോലെ നിലനിൽക്കണമെങ്കിൽ വർഗീയതയ്ക്കെതിരായ ശക്തമായ ചെറുത്തുനിൽപ്പുണ്ടാകണം. അതിന് മുന്നിൽനിൽക്കാൻ സിപിഐ എം എപ്പോഴുമുണ്ടാകും. തൊഴിലില്ലായ്മ പരിഹരിക്കാൻ കേന്ദ്രം ഒന്നുംചെയ്യുന്നില്ല. കേരളത്തിൽ 2016 മുതലിങ്ങോട്ട് പിഎസ്സി വഴി മാത്രം രണ്ടുലക്ഷത്തോളം പേർക്ക് തൊഴിൽ നൽകി. തൊഴിൽ നൈപുണ്യം നേടിയവർക്കാണ് എല്ലായിടത്തും പ്രാധാന്യം. അതിനാൽ ഈ മേഖലകളിൽ പരിശീലനം നൽകാൻ സർക്കാർ ശ്രമിക്കും. മാർച്ച് 31 ആകുമ്പോഴേക്കും 1.50 ലക്ഷം പേർക്ക് തൊഴിൽസംരംഭം ഉറപ്പാക്കും.
സംസ്ഥാന സർക്കാരിനെ താഴെയിറക്കാനാണ് മാധ്യമങ്ങളുടെ ശ്രമം. ശിവശങ്കരനെയും സ്വപ്നയേയും കൂട്ടുപിടിച്ച് ഇല്ലാക്കഥകൾ മെനഞ്ഞിട്ടും 99 സീറ്റ് നൽകി ജനങ്ങൾ വിശ്വാസമർപ്പിച്ചു. ഇക്കൂട്ടരുമായി വീണ്ടും ഇറങ്ങിയിരിക്കുകയാണിവർ. ഇതെല്ലാം ജനങ്ങൾ തള്ളിക്കളയുമെന്നതാണ് ജനുവരിയിൽ നടത്തിയ ഗൃഹസന്ദർശനങ്ങളിലെ പ്രതികരണങ്ങൾ. സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾ എടുത്തുപറയുന്ന ജനങ്ങൾ ചെറിയ ചെറിയ പോരായ്മകൾ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. ഇവയെല്ലാം പരിഹരിച്ച് സർക്കാരും പാർടിയും മികച്ച മുന്നേറ്റമുണ്ടാക്കും. മാധ്യമങ്ങൾ നിർത്താതെ കുപ്രചാരണങ്ങൾ നടത്തുമ്പോഴും ജനങ്ങൾ സർക്കാരിനും പാർടിക്കും പിന്തുണ നൽകുന്നു. തെറ്റായ പ്രവണതകളുണ്ടായാൽ വച്ചുപൊറുപ്പിക്കില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.















