കൊച്ചി> സംഗീതനാടക അക്കാദമി മുൻ ചെയർമാനായ നടൻ മുരളിയുടെ വെങ്കല പ്രതിമനിർമ്മാണം സംബന്ധിച്ച വാർത്തയിൽ മനോരമ നൽകിയത് തെറ്റായ ശിൽപത്തിന്റെ ചിത്രം. ഞായറാഴ്ച പ്രസിദ്ധീകരിച്ച ‘ നടൻ മുരളിയുടെ പ്രതിമ കുളമായി ’എന്ന വാർത്തയിലാണ് തെറ്റായ ശിൽപത്തിന്റെ ചിത്രം കൊടുത്തത്. വെങ്കലശിൽപത്തിന് മുരളിയുമായി രൂപസാദൃശ്യമില്ലെന്ന പറയുന്ന വാർത്തയിലാണ് മറ്റൊരു ശിൽപി ചെയ്ത കരിങ്കൽ ശിൽപത്തിന്റെ പടം കൊടുത്തത്. നിരവധി തവണ ‘ചിത്രവധം’ നടത്തിയ മനോരമ ‘ശിൽപവധം’ കൂടി തുടങ്ങിയിരിക്കയാണ്.
പത്തു വർഷം മുമ്പ് കേരള സംഗീത നാടക അക്കാദമി ക്യാമ്പസിൽ കെ ടി മുഹമ്മദ് സ്മാരക ഓഡിറ്റോറിയത്തിന് അരികിൽ (റീജ്യണൽ തിയ്യറ്റർ) സ്ഥാപിച്ച ഒരു കരിങ്കൽ ശില്പമാണ് വെങ്കല ശിൽപമായി അവതരിപ്പിച്ചത്. അക്കാദമി ചെയർമാനായിരുന്ന ഭരത് മുരളി അന്തരിക്കുന്നതിന് കുറച്ചുനാൾ മുമ്പ് റീജ്യണൽ തിയ്യറ്ററിൽ അവതരിപ്പിച്ച സി എൻ ശ്രീകണ്ഠൻ നായരുടെ ലങ്കാലക്ഷ്മി എന്ന ഏകാഹാര്യത്തിലെ രാവണവേഷം കണ്ട് പ്രചോദിതനായി നാടക പ്രവർത്തകൻ കൂടിയായ ശില്പി രാജൻ 50000 രൂപ ചെലവിൽ കരിങ്കല്ലിൽ തീർത്തതാണ് ഈ ശില്പം. ഭരത് മുരളി ചെയ്ത കഥാപാത്രത്തിന്റേതാണ് ശില്പം.
വെങ്കലശില്പത്തെച്ചൊല്ലിയുള്ള വിവാദം വാർത്തയാക്കുമ്പോൾ അതുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാളുടെ ശിലയിൽ തീർത്ത ശില്പം കൊടുത്ത് മാനോരമ ആ ശിൽപിയെ അപഹാസ്യരാക്കിയിരിക്കയാണ്. ഇന്ന് അത് സംബന്ധിച്ച് ചെറിയ തിരുത്താണ് പത്രത്തിൽ കൊടുത്തിട്ടുള്ളത്. ഇന്നലെ സോഷ്യൽ മീഡിയിലിലടക്കം ആ ശിൽപവും ശിൽപിയും അപഹസിക്കപ്പെട്ടതിന് പിന്നിൽ മനോരമയുടെ ‘ശിൽപവധ’മാണ്.