ന്യൂഡൽഹി
പശുക്കടത്ത് ആരോപിച്ച് മുസ്ലിം യുവാക്കളെ ചുട്ടെരിച്ച സംഭവത്തിൽ ഹരിയാന പൊലീസിനും പങ്കെന്ന് വെളിപ്പെടുത്തൽ. അറസ്റ്റിലായ പ്രതിയും ഹരിയാന ഗോസംരക്ഷണ സംഘാംഗവുമായ റിങ്കു സെയ്നിയുടേതാണ് വെളിപ്പെടുത്തൽ. രാജസ്ഥാൻ ഭരത്പുർ ജില്ലയിലെ ഘട്ട്ചിക സ്വദേശികളായ ജുനൈദ് (35), നസീർ(21) എന്നിവരെ മർദിച്ച് അവശരാക്കിയശേഷം പൊലീസിന് കൈമാറാൻ ശ്രമിച്ചു. മൃതപ്രായരായ ഇവരെ കസ്റ്റഡിയിൽ എടുക്കാൻ പൊലീസ് വിസമ്മതിച്ചു. തുടർന്ന് യുവാക്കൾ മരിച്ചെന്നും മൃതദേഹങ്ങൾ വാഹനത്തിലിട്ട് ചുട്ടുകരിച്ചെന്നുമാണ് കുറ്റസമ്മതം.
ഹരിയാന–- രാജസ്ഥാൻ അതിർത്തിയിൽനിന്ന് ഹരിയാന പൊലീസും ബജ്റംഗദൾ ഗുണ്ടകളും ഒരുമിച്ചാണ് ഇരുവരെയും തട്ടിക്കൊണ്ടുപോയതെന്ന് ബന്ധുക്കൾ നേരത്തേ ആരോപിച്ചിരുന്നു. ഇതിന് ബലംപകരുന്നതാണ് പുതിയ വെളിപ്പെടുത്തൽ. ഭരത്പുർ ഐജി ഗൗരവ് ശ്രീവാസ്തവയും പ്രതിയുടെ വെളിപ്പെടുത്തൽ സ്ഥിരീകരിച്ചു. ടാക്സി ഡ്രൈവറും ബജ്റംഗദൾ നേതാവ് മോനു മനേസറിന്റെ വലംകൈയുമായ റിങ്കുവിനെ മേവാത്തിൽനിന്ന് വെള്ളിയാഴ്ചയാണ് രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തത്. ഗോസംരക്ഷണസംഘം തലവനായ മോനുവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഹരിയാനയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി മോനു മനേസറിന് ചങ്ങാത്തമുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു.
അതിനിടെ, യുവാക്കളെ തട്ടിക്കൊണ്ടു പോയ ഇടത്ത് പൊലീസ് വാഹനമുണ്ടായിരുന്നെന്നതിന് സാക്ഷികളുണ്ടെന്ന് ബന്ധുവായ മുഹമദ് ജാബിർ പറഞ്ഞു. ‘ഭരത്പുർ സിക്രിയിലെ ബന്ധുവിന്റെ വീട്ടിലേക്ക് പോവുകയായിരുന്ന ഇരുവരെയും ഗുണ്ടകളും ഹരിയാന പൊലീസും രണ്ട് വാഹനത്തിലെത്തി തടഞ്ഞു. ഗുണ്ടകൾ തല്ലിച്ചതച്ച യുവാക്കളെ പൊലീസ് വാഹനത്തിൽ നൂഹിലെ ഫിറോസ്പുർ ജിർക്കാ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പൊലീസ് കസ്റ്റഡിയിലെടുക്കാൻ വിസമ്മതിച്ചതോടെ ലൊഹാരുവിലേക്ക് കൊണ്ടുപോയി ചുട്ടുകൊന്നു’–- മുഹമദ് ജാബിർ ആരോപിച്ചു.