കാഞ്ഞങ്ങാട്
‘മതനിരപേക്ഷ വിദ്യാഭ്യാസം, വൈജ്ഞാനിക സമൂഹം, വികസിത കേരളം’ മുദ്രാവാക്യമുയർത്തി കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. അലാമിപ്പള്ളി നഗരസഭാ ബസ്സ്റ്റാൻഡ് പരിസരത്തെ ടി ശിവദാസമേനോൻ നഗറിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്തു.
ലക്ഷത്തിലധികം അംഗങ്ങളെ പ്രതിനിധീകരിച്ച് 85 സംസ്ഥാന കമ്മിറ്റി അംഗങ്ങളും 284 വനിതകളും ഉൾപ്പെടെ 964 പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് ഡി സുധീഷ് അധ്യക്ഷനായി. സ്കൂൾ ടീച്ചേഴ്സ് ഫെഡറേഷൻ അഖിലേന്ത്യാ പ്രസിഡന്റ് കെ സി ഹരികൃഷ്ണൻ, എഫ്എസ്ഇടിഒ ജനറൽ സെക്രട്ടറി എം എ അജിത്കുമാർ, കേന്ദ്ര ജീവനക്കാരുടെ കോൺഫഡറേഷൻ ജനറൽ സെക്രട്ടറി വി ശ്രീകുമാർ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ എം വി ബാലകൃഷ്ണൻ സ്വാഗതവും കെഎസ്ടിഎ ജനറൽ സെക്രട്ടറി എൻ ടി ശിവരാജൻ നന്ദിയും പറഞ്ഞു.
സി സി വിനോദ്കുമാർ രക്തസാക്ഷി പ്രമേയവും പി ജെ ബിനേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. പ്രതിനിധി സമ്മേളനത്തിന് തുടക്കംകുറിച്ച് സമ്മേളന ഹാളിന് മുന്നിൽ ഡി സുധീഷ് പതാക ഉയർത്തി. എൻ ടി ശിവരാജൻ സ്വാഗതം പറഞ്ഞു. പ്രതിനിധികൾ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി. ‘വർഗീയതയും ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭാവിയും’ വിഷയത്തിൽ എം സ്വരാജ് പ്രഭാഷണം നടത്തി. ടി വി മദനമോഹനൻ അധ്യക്ഷനായി. എൽ മാഗി സ്വാഗതവും എ നജീബ് നന്ദിയും പറഞ്ഞു. കലാപാടികളും അരങ്ങേറി.
പൊതുസമ്മേളനം ഇന്ന്
സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം അലാമിപ്പള്ളി കോടിയേരി ബാലകൃഷ്ണൻ നഗറിൽ തിങ്കൾ പകൽ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. പകൽ രണ്ടിന് ഹൊസ്ദുർഗ് സ്മൃതിമണ്ഡപത്തിൽനിന്ന് പൊതുപ്രകടനം ആരംഭിക്കും. തിങ്കൾ രാവിലെ ഒമ്പതരക്ക് വിദ്യാഭ്യാസ സൗഹൃദ സമ്മേളനം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനംചെയ്യും. വൈകിട്ട് ആറരക്കാണ് പുതിയ സംസ്ഥാന കൗൺസിൽ തെരഞ്ഞെടുപ്പ്. ചൊവ്വ പകൽ രണ്ടിന് യാത്രയയപ്പ് സമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനംചെയ്യും.