തിരുവനന്തപുരം
എൽഡിഎഫ് സർക്കാർ അധികാരമേറ്റ 2016നുശേഷം പിഎസ്സി നിയമനം നൽകിയത് 2,28,801 പേർക്ക്. ഇതിൽ 39,275 ഉദ്യോഗാർഥികൾക്കും നിയമനമായത് രണ്ടാം പിണറായി സർക്കാരിന്റെ കാലത്തും. ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ ഉയർന്ന നിയമന നിരക്കാണിത്. നിയമനങ്ങൾ വേഗത്തിലും സുതാര്യവുമാക്കാൻ സ്വീകരിച്ച നടപടികളാണ് ഉദ്യോഗാർഥികൾക്ക് ആശ്വാസമായത്. യഥാസമയം ഒഴിവ് നികത്തിയും പുതിയ തസ്തിക സൃഷ്ടിച്ചും സർക്കാരും പിഎസ്സിയും ചരിത്രം സൃഷ്ടിച്ചു.
വിവിധ തസ്തികകളിൽ ഒഴിവുണ്ടാകുമ്പോൾത്തന്നെ ഇ–-വേക്കൻസി സോഫ്റ്റ്വെയർ വഴി പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യാൻ നിർദേശിച്ചിരുന്നു. ഇത്തരം ഒഴിവുകളിൽ റൊട്ടേഷൻ ക്രമത്തിൽ നിയമന ശുപാർശ നൽകുന്നു. 2023ലെ പ്രതീക്ഷിത ഒഴിവുകൾ മുൻകൂറായി റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവികളോടും നിയമനാധികാരികളോടും ആവശ്യപ്പെട്ടിരുന്നു. കൃത്യമായി ഒഴിവ് റിപ്പോർട്ട് ചെയ്യുന്നത് ഉറപ്പാക്കാൻ വകുപ്പ് സെക്രട്ടറിമാരെയും ചുമതലപ്പെടുത്തി. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് പരിശോധിച്ച് നടപടിയെടുക്കുന്നുണ്ട്.
ഒഴിവുകളുടെ റിപ്പോർട്ടിങ്മുതൽ റാങ്ക്പട്ടിക തയ്യാറാക്കുന്നതുവരെ കംപ്യൂട്ടർവൽക്കരിച്ചിട്ടുണ്ട്. നിയമന ശുപാർശകൂടി കംപ്യൂട്ടർവൽക്കരിക്കാനും നടപടിയാകുന്നു. ഓൺലൈൻ പരീക്ഷയ്ക്കായി പിഎസ്സി ആസ്ഥാനത്തും ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളും സ്ഥാപിച്ചു. റിക്രൂട്ട്മെന്റിലെ കാലതാമസം ഒഴിവാക്കാൻ എസ്എസ്എൽസി, പ്ലസ്ടു, ബിരുദ തലത്തിലുള്ള പൊതുപ്രാഥമിക പരീക്ഷയും നടത്തുന്നു. കാലഹരണപ്പെട്ടതോ അനിവാര്യമല്ലാത്തതോ ആയ തസ്തികകൾക്കു പകരം ആവശ്യമായത് നിർണയിക്കാനും നടപടിയായതോടെ കൂടുതൽ തൊഴിലവസരങ്ങളുമുണ്ടാകുന്നു. റാങ്ക് ലിസ്റ്റുകളിൽനിന്ന് പരമാവധി നിയമനങ്ങളെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് സർക്കാരും പിഎസ്സിയും മുന്നോട്ട് പോകുന്നത്. വിജ്ഞാപനംചെയ്യുന്ന വർഷംതന്നെ പരീക്ഷകൾ നടത്തുമെന്ന പിഎസ്സിയുടെ പ്രഖ്യാപനവും ഉദ്യോഗാർഥികൾക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നു.