ന്യൂഡൽഹി> ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള പങ്ക് വെളിപ്പെടുത്തി ഡോക്യുമെന്ററി സംപ്രേഷണം ചെയ്ത ബിബിസി ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനിടയിൽ സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തി ബിബിസി. ഡൽഹി, മുംബൈ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനക്കിടെ സ്ഥാപനത്തിലെ മാധ്യമപ്രവർത്തകരുടെ ജോലി തടസപ്പെടുത്തിയെന്ന് ബിബിസി പറയുന്നു. ബിബിസിയുടെ ഹിന്ദി വെബ്സൈറ്റിലൂടെ പുറത്തുവിട്ട ലേഖനത്തിലാണ് ജോലി തടസപ്പെടുത്തിയ കാര്യങ്ങൾ വിശദമാക്കിയിരിക്കുന്നത്.
ആദായ നികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോൾ മണിക്കൂറുകളോളം മാധ്യമപ്രവർത്തകരെ ജോലി ചെയ്യാൻ അനുവദിച്ചില്ല. ഉദ്യോഗസ്ഥരിൽ ചിലർ മോശമായി പെരുമാറി. മാധ്യമപ്രവർത്തകരുടെ കമ്പ്യൂട്ടറുകളും ഫോണും പരിശോധിച്ചു. കൂടാതെ, അവരുടെ ജോലിയുടെ സ്വഭാവം സംബന്ധിച്ചും രീതി സംബന്ധിച്ചും വിവരങ്ങൾ ശേഖരിച്ചു. സംപ്രേഷണ സമയം അവസാനിച്ചതിന് ശേഷം മാത്രമാണ് ഈ മാധ്യമ പ്രവർത്തകരെ ജോലി ചെയ്യാൻ അനുവദിച്ചതെന്നും ബിബിബിസി വ്യക്തമാക്കുന്നു.
ചാനലിന്റെ പ്രവർത്തനത്തിന് തടസമുണ്ടാക്കാത്ത വിധത്തിലാണ് റെയ്ഡ് നടത്തിയതെന്ന് ആദായ നികുതി വകുപ്പ് അവകാശപ്പെട്ടിരുന്നു. ആദായ നികുതി വകുപ്പിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന വിവരങ്ങളാണ് ബിബിസി പങ്കുവെച്ചത്.