കൊച്ചി> ലഹരി ഉപയോഗത്തിന് പിടിയിലായവർ സഞ്ചരിച്ചു എന്നതുകൊണ്ടുമാത്രം വാഹനം ലഹരി കടത്താൻ ഉപയോഗിച്ചതായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. ഇത്തരത്തിൽ പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുകിട്ടാൻ മജിസ്ട്രേട്ട് കോടതികൾ, സ്പെഷ്യൽ കോടതികൾ എന്നിവയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് (എൻഡിപിഎസ്) പ്രകാരം പിടിയിലായവർ ഉപയോഗിച്ച വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹർജികൾ തീർപ്പാക്കിയാണ് ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവ്.
തൃശൂർ സ്വദേശിയായ യുവാവ് സുഹൃത്തിന് താൽക്കാലിക ഉപയോഗത്തിന് നൽകിയ കാറിൽ സഞ്ചരിച്ചവർ കഞ്ചാവ് വലിച്ചെന്ന് ആരോപിച്ച് പൊലീസ് വാഹനം പിടിച്ചെടുത്തു. വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഉടമ വടക്കാഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയെ സമീപിച്ചെങ്കിലും വിട്ടുനൽകിയില്ല. പ്രതികളുടെ വിചാരണ ഇക്കാലയളവിൽ പൂർത്തിയാവുകയും 2000 രൂപവീതം പിഴ അടയ്ക്കുകയും ചെയ്തു. കേസ് തീർപ്പായിട്ടും വാഹനം വിട്ടുകിട്ടാത്തതിനാൽ ഉടമ ഹൈക്കോടതിയെ സമീപിച്ചു.
ഹർജി പരിഗണിച്ച കോടതി വാഹനം കിട്ടാനാവശ്യമായ ഉത്തരവിടാൻ വടക്കാഞ്ചേരി മജിസ്ട്രേട്ട് കോടതിയോട് നിർദേശിക്കുകയും ഹർജികൾ തീർപ്പാക്കുകയും ചെയ്തു. വാഹനത്തിലിരുന്ന് കഞ്ചാവ് വലിച്ചതുകൊണ്ടുമാത്രം വാഹനം പിടിച്ചെടുത്തത് നീതീകരിക്കാനാകില്ലെന്ന് കോടതി വിലയിരുത്തി.