കൊച്ചി
എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിൽനിന്ന് വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിനൽകിയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി മുന്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എ അനില്‍കുമാര്‍ സര്‍ട്ടിഫിക്കറ്റിനായി പണം വാങ്ങിയെന്ന് പൊലീസ്. ഓൺലൈൻ വഴി ഒരുലക്ഷം രൂപയാണ് അനിൽകുമാർ വാങ്ങിയത്. തുക മറ്റാർക്കും ഇയാൾ പങ്കുവച്ചിട്ടില്ലെന്നാണ് സൂചന.
ഒരുലക്ഷത്തോളം രൂപ വാങ്ങിയതായി അനിൽകുമാർ ചോദ്യംചെയ്യലിൽ സമ്മതിച്ചു. പണമിടപാടുസംബന്ധിച്ച ബാങ്ക് രേഖകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. റിമാന്‍ഡില്‍ കഴിയുന്ന അനില്‍കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാൻ ഒരുങ്ങുകയാണ് അന്വേഷകസംഘം. അനിൽകുമാർ മുഖ്യസൂത്രധാരനാണെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കുട്ടിയുടെ യഥാര്‍ഥ മാതാപിതാക്കളുമായി പ്രതിക്ക് ബന്ധമുണ്ടോ, തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കുട്ടിയെ കൈമാറിയതില്‍ ഇടനില നിന്നിട്ടുണ്ടോ എന്നിവയില്‍ പൊലീസ് വ്യക്തത വരുത്തും. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഗണേഷ് മോഹനെതിരെ അനില്‍കുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ക്രമക്കേട് റിപ്പോര്‍ട്ട് ചെയ്തതും നടപടിയെടുത്തതിലെ വൈരാഗ്യവുംമൂലം അനില്‍കുമാര്‍ ഉന്നയിച്ച ആരോപണങ്ങള്മാത്രമാണിതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സൂപ്രണ്ടിനെ കണ്ടിട്ടില്ലെന്ന് ദമ്പതികളും മൊഴിനല്‍കിയിട്ടുണ്ട്.
ഗവ. മെഡിക്കൽ കോളേജിലെ ഒരു ജീവനക്കാരനാണ് ലേബർറൂമിൽനിന്ന് ജനന റിപ്പോർട്ടിനായുള്ള ഫോം വാങ്ങിയതെന്ന് മൊഴിയുണ്ട്. സൂപ്രണ്ട് ഓഫീസിലേക്ക് എന്നു പറഞ്ഞാണ് ഫോം വാങ്ങിയത്. ജീവനക്കാരനെ അടുത്തദിവസം ചോദ്യംചെയ്യും. കുട്ടിയെ ഏറ്റെടുത്ത തൃപ്പൂണിത്തുറ സ്വദേശി അനൂപ് ഗവ. മെഡിക്കൽ കോളേജിലെ നിരവധിപേരെ ജനനസർട്ടിഫിക്കറ്റിനായി ബന്ധപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തി. ഇയാൾ അനിൽകുമാറിലേക്ക് എത്തിയത് എങ്ങനെയാണെന്നും അന്വേഷിക്കുകയാണ്.