ജെയ്പൂർ> പശുവിനെ കടത്തിയെന്നാരോപിച്ച് രാജസ്ഥാൻ- ഹരിയാന അതിർത്തിയിൽ ബജ്റംഗദള്ളുകാരായ ക്രിമിനലുകൾ ക്രൂരമായി കൊലപ്പെടുത്തിയ ജുനൈദിന്റെയും നസീറിന്റെയും കുടുംബങ്ങളെ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിൽ സിപിഐ എം നേതാക്കൾ സന്ദർശിച്ചു. കൊലപാതകം നടന്ന് രണ്ട് ദിവസമായിട്ടും പൊലീസ് എഫ്ഐആറിൽ ഇതുവരെ കൊലക്കുറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. ഹരിയാന സർക്കാരും പോലീസും കുറ്റവാളികൾക്ക് സംരക്ഷണം നൽകുകയാണെന്ന് കുടംബാംഗങ്ങൾക്ക് പരാതിയുണ്ട്.
സിപിഐ എം രാജസ്ഥാൻ സംസ്ഥാന സെക്രട്ടറി അമ്രാ റാം , സംസ്ഥാന നേതാക്കളായ സുമിത്ര ചോപ്ര, ഡോ സഞ്ജയ് മാധവ്, റൈസ , ഷബീർ ഖാൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. കൊലപാതകകുറ്റം ചുമത്തി ഉടനടി നടപടി എടുക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്ന് സംഘം പറഞ്ഞു.
ഹരിയാന– രാജസ്ഥാൻ അതിർത്തിയിലൂടെ സഞ്ചരിച്ചിരുന്ന ജുനൈദിനെയും നസീറിനെയും ബജ്റംഗദൾ സംഘം ആക്രമിക്കുകയായിരുന്നു. ബൊലേറൊ കാറിനുള്ളിൽ പൂർണമായും കത്തിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നമ്പർപ്ലേറ്റ് നോക്കിയാണ് ഇവരെ തിരിച്ചറിഞ്ഞത്.