ബംഗളൂരു> കർണാടകത്തിൽ ബജറ്റ് അവതരണ ദിവസം കോൺഗ്രസ് എംഎൽഎമാർ എത്തിയത് ചെവിയിൽ പൂവച്ച്. ബിജെപി സർക്കാരിന്റെ ബജറ്റിനെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് അംഗങ്ങൾ പൂവച്ച് വന്നത്. കഴിഞ്ഞ ബജറ്റിലെ നിർദേശങ്ങൾ നടപ്പാക്കാതെ ജനങ്ങളെ വിഡ്ഢികളാക്കാനുള്ള മറ്റൊരു ബജറ്റ് അവതരിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് സിദ്ധരാമയ്യ ആരോപിച്ചു.
അതിനാലാണ് പൂവച്ച് വന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ബജറ്റ് അവതരിപ്പിക്കുംമുമ്പുതന്നെ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധം തുടങ്ങി. പിന്നീട് സ്പീക്കർ ആവശ്യപ്പെട്ട പ്രകാരം ബജറ്റ് അവതരണവുമായി സഹകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പുള്ള ബിജെപി സർക്കാരിന്റെ അവസാന ബജറ്റാണ് വെള്ളിയാഴ്ച അവതരിപ്പിച്ചത്.















