ന്യൂഡൽഹി> ബി ബി സിയുടെ ഇന്ത്യയിലെ പ്രധാന ഓഫീസുകളില് നടക്കുന്ന ആദായ നികുതി വകുപ്പിന്റെ റെയ്ഡില് ഔദ്യോഗിക പ്രതികരണവുമായി ബി ബി സി. ഡൽഹി, മുംബൈ ഓഫീസുകളില് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര് റെയ്ഡ് തുടരുകയാണെന്നും ഉദ്യോഗസ്ഥരോട് തങ്ങളുടെ ജീവനക്കാര് സഹകരിക്കുന്നുണ്ടെന്നും ബി ബി സി അറിയിച്ചു. തങ്ങളുടെ വാര്ത്തകളും മാധ്യമ പ്രവര്ത്തനവും ഇന്ത്യയില് മുമ്പ് ഉള്ളത് പോലെ തന്നെ തുടരുമെന്നും ബി ബി സി കൂട്ടിച്ചേര്ത്തു.
ഓഫീസുകളില് ചില ജീവനക്കാര് ഇപ്പോഴും തുടരുകയാണ്. ആദായ നികുതി വകുപ്പില് നിന്നുള്ള ഉദ്യോഗസ്ഥരോട് അവര് പരമാവധി സഹകരിക്കുന്നുണ്ട്. ഇതെല്ലാം വളരെ പെട്ടെന്ന് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബി ബി സി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ബി ബി സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിലാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന നടക്കുന്നത്. ചൊവ്വാഴ്ച്ച ഉച്ചയോടെ ആരംഭിച്ച റെയ്ഡ് ബുധനാഴ്ചയും തുടരുകയാണ്. ബി ബി സിയുടെ ഇന്ത്യ; ദി മോദി ക്വസ്റ്റിയന് എന്ന് ഡോക്യുമെന്ററിക്കെതിരെ കഴിഞ്ഞ മാസം കേന്ദ്രസര്ക്കാര് നിലപാടെടുത്തിരുന്നു. യൂട്യൂബ്, ട്വിറ്റര് എന്നീ സാമൂഹികമാധ്യമങ്ങള് വഴി ഡോക്യുമെന്ററിയുടെ ലിങ്കുകള് പങ്കുവെയ്ക്കുന്നത് കേന്ദ്രം വിലക്കിയിരുന്നു.
കേന്ദ്ര സർക്കാരിൻ്റെ നയങ്ങളെ വിമർശിക്കുന്ന മാധ്യമസ്ഥാപനങ്ങളെ ഏജൻസികളെ ഉപയോഗിച്ച് ഭയപ്പെടുത്തുന്ന പ്രവണതയുടെ തുടർച്ചയാണ് ബിബിസി ഓഫീസുകളിലെ പരിശോധനകളെന്ന് എഡിറ്റേഴ്സ് ഗിൽഡ് പ്രസ്താവനയിലൂടെ പറഞ്ഞിരുന്നു.