തിരുവനന്തപുരം > ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക സംബന്ധിച്ച കണക്കുകള് കേരളം നല്കിയെന്ന് കണ്ട്രോളര് ആന്ഡ് ഓഡിറ്റര് ജനറലിന്റെ റിപ്പോര്ട്ട്. നേരത്തെ കേരളം കണക്ക് ഹാജരാക്കിയിട്ടില്ലെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിര്മലാ സീതാരാമന് ലോക്സഭയില് പറഞ്ഞിരുന്നു. കേന്ദ്ര ധനകാര്യമന്ത്രിയുടെ വാദം വസ്തുതാവിരുദ്ധമാണെന്നാണ് സിഎജി റിപ്പോര്ട്ട് വ്യക്തമാക്കുന്നത്.
2017-18ലെ കണക്ക് നല്കിയ 19 സംസ്ഥനങ്ങളുടെ പട്ടികയില് കേരളവുമുണ്ട്. നികുതികള് സംബന്ധിച്ച 2021-ലെ ഒന്നാം റിപ്പോര്ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. നിര്മല സീതാരാമന്റെ മറുപടി ഉയര്ത്തിക്കാണിച്ച് സംസ്ഥാന സര്ക്കാരിനെതിരെ മാധ്യമങ്ങളും പ്രതിപക്ഷവും രംഗത്തുവന്നിരുന്നു. സിഎജി റിപ്പോര്ട്ടിലെ വിവരങ്ങള് പുറത്തുവന്നതോടെ ഈ വിഷയത്തില് സംസ്ഥാന ധനകാര്യമന്ത്രി കെ എന് ബാലഗോപാല് ഉന്നയിച്ച വാദങ്ങള് വസ്തുതാപരമാണെന്നാണ് കൂടിയാണ് തെളിഞ്ഞിരിക്കുന്നത്.
രാഷ്ട്രീയ താല്പര്യത്തോടെ എന് കെ പ്രേമചന്ദ്രന് ലോക്സഭയില് ഉന്നയിച്ച ചോദ്യം തന്നെ വസ്തുതാവിരുദ്ധമാണെന്ന നിലപാടായിരുന്നു കേരള ധനകാര്യമന്ത്രി സ്വീകരിച്ചത്. നിര്മല സീതാരാമന്റെ ലോക്സഭയിലെ മറുപടിയിലെ പൊള്ളത്തരങ്ങള് ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് കെ എന് ബാലഗോപാല് തുറന്ന് കാണിച്ചത്. കേരളം ഉയര്ത്തുന്ന യഥാര്ത്ഥ പ്രശ്നങ്ങള് വിശദമായി സൂചിപ്പിക്കുന്നതായിരുന്നു കെ എന് ബാലഗോപാലിന്റെ കുറിപ്പ്. സംസ്ഥാനം കൃത്യമായി കണക്കുകള് നല്കിയെന്നും സംസ്ഥാന ധനമന്ത്രി വ്യക്തമാക്കിയിരുന്നു.