കൊച്ചി
ഇന്ത്യയിൽനിന്ന് യുകെയിൽ പഠനത്തിനുപോകുന്നവർക്ക് അതിനുശേഷം ജോലി അന്വേഷിച്ച് കണ്ടെത്താനുള്ള കാലാവധി രണ്ടുവർഷത്തിൽനിന്ന് ആറുമാസമായി ചുരുക്കിയത് നിയമമായിട്ടില്ലെന്ന് ബ്രിസ്റ്റോൾ മേയറായ കാഞ്ഞിരപ്പള്ളി സ്വദേശി ടോം ആദിത്യ പറഞ്ഞു. ചാവറ കൾച്ചർ സെന്റർ നൽകിയ സ്വീകരണത്തിനുശേഷം ‘യുകെയിലെ തൊഴിലവസരങ്ങളും വെല്ലുവിളികളും’ വിഷയത്തിൽ ചാവറ ഇൻസ്റ്റിറ്റ്യൂട്ടിലെ ഹോട്ടൽ മാനേജ്മെന്റ്, ടൂറിസം, ഏവിയേഷൻ ബിരുദ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
മികച്ച തൊഴിലവസരങ്ങളാണ് യുകെയിൽ ഉള്ളത്. പ്രൊഫഷണലുകൾക്ക് മാത്രമല്ല, മറ്റുള്ളവർക്കും വിദ്യാഭ്യാസത്തോടൊപ്പം ജോലി നേടാൻ യുകെയിൽ അവസരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. തോമസ് പുതുശേരി അധ്യക്ഷനായി. ലോണ ഫ്രാൻസിസ്, ജിജോ പാലത്തിങ്കൽ, ജോളി പവേലിൽ എന്നിവർ സംസാരിച്ചു.















