ഭുവനേശ്വർ
അവിശ്വസനീയ തിരിച്ചുവരവ്. അതും മൂന്ന് ഗോളിന് പിന്നിൽനിന്ന്. പക്ഷേ, സന്തോഷ് ട്രോഫി ഫുട്ബോളിൽ മഹാരാഷ്ട്രയോട് 4–-4ന് സമനിലയിൽ കുരുങ്ങിയതോടെ കേരളത്തിന്റെ സെമി സാധ്യത തുലാസിലായി. ചൂടും ചൂരും നിറഞ്ഞ പോരിൽ ആദ്യം മൂന്ന് ഗോളിനും പിന്നീട് 1–-4നും പിന്നിട്ടുനിന്നശേഷമായിരുന്നു ചാമ്പ്യൻമാരുടെ തിരിച്ചുവരവ്. അവസാന മൂന്ന് ഗോൾ നേടിയത് 11 മിനിറ്റിൽ. കേരളത്തിന്റെ സമനില ഗോളിനെച്ചൊല്ലിയുണ്ടായ പ്രതിഷേധവും വാക്കേറ്റവും കാരണം കളി 15 മിനിറ്റ് നീണ്ടു.
വൈശാഖ് മോഹനൻ, നിജോ ഗിൽബർട്ട്, വി അർജുൻ, ജോൺ പോൾ ജോസ് എന്നിവർ കേരളത്തിനായി നിറയൊഴിച്ചു. സൂഫിയാൻ ഷെയ്ഖിലൂടെയാണ് മഹാരാഷ്ട്ര തുടക്കമിട്ടത്. ഹിമാൻഷു പാട്ടീൽ, സുമിത് രാജേന്ദർസിങ് ഭണ്ഡാരി, തേജസ് റൗത്ത് എന്നിവരും ഗോളടിച്ചു.
വിജയത്തിലൂടെ സെമിയിലേക്ക് കുതിക്കാനെത്തിയ കേരളത്തെ മഹാരാഷ്ട്ര ഗോൾവർഷിച്ച് അമ്പരപ്പിച്ചു. ആദ്യ 20 മിനിറ്റിൽ രണ്ടെണ്ണം വഴങ്ങി. കളിമറന്ന പ്രതിരോധമായിരുന്നു തളർത്തിയത്. പി അമീനും എം മനോജും നേതൃത്വം കൊടുത്ത പ്രതിരോധഹൃദയം പൊട്ടിത്തകർന്നു. മധ്യനിരയിൽ സൂഫിയാനായിരുന്നു മഹാരാഷ്ട്രയുടെ സൂത്രധാരൻ. ആദ്യ ഗോളിനുപുറമെ രണ്ട് ഗോളിന് വഴിയൊരുക്കിയതും ഈ ഇരുപതുകാരനാണ്. ഇതിനിടെ പ്രതിരോധക്കാരൻ സച്ചു സിബിക്ക് പരിക്കേറ്റതും കേരളത്തിന് തിരിച്ചടിയായി. സ്വന്തംവലയിൽ മൂന്ന് ഗോൾ വീണശേഷമായിരുന്നു മറുപടി. മുഹമ്മദ് സാലിം ഒരുക്കിയ പന്ത് വൈശാഖ് തെറ്റാതെ ലക്ഷ്യത്തിലെത്തിച്ചു. തിരിച്ചുവരവ് സ്വപ്നംകണ്ടിരിക്കെ മഹാരാഷ്ട്ര വീണ്ടും പ്രഹരമേൽപ്പിച്ചു. ഇടവേളയ്ക്ക് പിരിയുംമുമ്പ് തേജസ് നാലാംഗോളും നേടി. നാലിൽ രണ്ടും കേരള താരങ്ങളുടെ പിഴവിൽനിന്നായിരുന്നു.
ഇടവേളയ്ക്കുശേഷം പുതിയൊരു കേരളമായിരുന്നു. കൂട്ടായ്മയിൽ അവർ വിശ്വസിച്ചു. കൂട്ടുകാർക്ക് അതിവേഗം പന്ത് കൈമാറി. എതിരാളിയുടെ കാലിൽനിന്ന് പന്ത് റാഞ്ചാനും മിടുക്ക് കാട്ടി. പരിശീലകൻ പി ബി രമേശിന്റെ തന്ത്രവും നിർണായകമായി. അമീനെ പിൻവലിച്ച് ബെൽജിനെ എത്തിച്ചു. അതുവരെ ഇടതുപ്രതിരോധത്തിൽ കളിച്ച ആർ ഷിനുവിനെ സെന്റർ ബാക്കാക്കി. ബെൽജിൻ ഇടതുവശത്തെത്തി. ഇതോടെ കളിക്ക് ഒഴുക്കുണ്ടായി.കൂട്ടായ ആക്രമണത്തിന്റെ ഭാഗമായാണ് രണ്ടാംഗോളെത്തിയത്.
ബോക്സിൽ തേജസിന്റെ കൈയിൽ പന്ത് തട്ടിയതിന് കിട്ടിയ പെനൽറ്റി നിജോ വലയിലാക്കി. എതിർമുഖത്ത് സമ്മർദമുണ്ടാക്കി പന്തുതട്ടിയ തന്ത്രം വിജയിച്ചു. നാല് മിനിറ്റിൽ അടുത്ത ഗോളെത്തി. അപകടകരമായ പന്ത് ഹെഡ് ചെയ്ത് നീക്കാനുള്ള ജോൺസൺ ജോസഫ് മാത്യൂസിന്റെ ശ്രമം അർജുന്റെ കാലിലായിരുന്നു എത്തിയത്. ഈ മധ്യനിരക്കാരന്റെ വലംകാലടിയിൽ മൂന്നാംഗോൾ. പിന്നാലെ ജോൺപോളിന്റെ സമനില ഗോളും പിറന്നു. കളിയവസാനം ജോൺപോളിനെ മഹാരാഷ്ട്ര ഗോൾകീപ്പർ ശിവം കിരൺ വീഴ്ത്തിയെങ്കിലും റഫറി പെനൽറ്റി അനുവദിച്ചില്ല.
മുന്നേറാൻ ജയം
മാത്രം
പോരാ
സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിന്റെ സെമിസാധ്യത ആശങ്കയിൽ. ഇനിയുള്ള കളിയിൽ ഒഡിഷയെയും പഞ്ചാബിനെയും തോൽപ്പിച്ചാൽമാത്രം പോര. മറ്റ് ടീമുകളുടെ ഫലവും സ്വാധീനിക്കും. മൂന്ന് കളി പൂർത്തിയായപ്പോൾ ഏഴ് പോയിന്റുള്ള പഞ്ചാബാണ് എ ഗ്രൂപ്പിൽ ഒന്നാമത്. ഇതേ പോയിന്റുള്ള കർണാടകം രണ്ടാമതുണ്ട്. ഒഡിഷയും കേരളവും മൂന്നും നാലും സ്ഥാനങ്ങളിൽ. നാല് പോയിന്റാണ് ഇരുടീമുകൾക്കും.ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർക്കാണ് സെമി യോഗ്യത. അടുത്ത രണ്ടിലും ജയിച്ചാൽ 10 പോയിന്റാകും കേരളത്തിന്. എന്നാൽ, കർണാടകം രണ്ടിലും ജയിച്ചാൽ ഒന്നാമതായി മുന്നേറും.
പഞ്ചാബ് കേരളത്തിനോട് തോറ്റാലും ഗോവയെ വീഴ്ത്തിയാൽ 10 പോയിന്റാകും. അപ്പോൾ ഗോളടി നിർണായകമാകും.എട്ട് ഗോളടിച്ച പഞ്ചാബ് ആറ് ഗോൾ വഴങ്ങി. കർണാടകം അഞ്ചെണ്ണം നേടിയപ്പോൾ വാങ്ങിയത് രണ്ട്. ഒഡിഷ ആറ് ഗോൾ നേടി. വലയിൽ വീണത് നാലെണ്ണം. കേരളത്തിന് രണ്ടും തുല്യമാണ്–- ഏഴ് ഗോൾ. മഹാരാഷ്ട്ര എട്ടെണ്ണം അടിച്ചപ്പോൾ ഒമ്പതെണ്ണം തിരിച്ചുവാങ്ങി. കേരളം വെള്ളിയാഴ്ച ഒഡിഷയെയും ഞായറാഴ്ച പഞ്ചാബിനെയും നേരിടും. കർണാടകത്തോട് രണ്ട് ഗോളിന് തോറ്റ ഗോവ പുറത്തായി. ഒഡിഷയെ പഞ്ചാബ് 2–-1ന് മറികടന്നു.















