ഭുവനേശ്വർ
എട്ട് ഗോൾ വീണ ആവേശപ്പോരാട്ടം വാക്കേറ്റത്തിനും സംഘർഷത്തിനും വഴിയൊരുക്കി. കേരളത്തിന്റെ സമനിലഗോൾ അനുവദിക്കരുതെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര പരിശീലകരും കളിക്കാരും പ്രതിഷേധിച്ചതിനെ തുടർന്ന് 15 മിനിറ്റോളം കളി നിർത്തിവച്ചു. ജോൺപോൾ ജോസിന്റെ ഗോളാണ് വിവാദമായത്.
കുടിവെള്ളത്തിനായുള്ള വിശ്രമവേളയ്ക്ക് പിന്നാലെയാണ് കേരളം ഗോളടിച്ചത്. കളിക്കാർ വിശ്രമം കഴിഞ്ഞെത്തുന്നതിനുമുമ്പെ കേരളം കളി തുടങ്ങിയെന്ന് മഹാരാഷ്ട്ര ആരോപിച്ചു. കേരളത്തിന് ത്രോ ബോൾ അനുവദിച്ചായിരുന്നു ഇടവേളയ്ക്ക് പിരിഞ്ഞത്. വെള്ളം കുടിച്ചെത്തിയശേഷം വലതുഭാഗത്തുനിന്ന് ബെൽജിന്റെ ത്രോ നിജോ ഗിൽബർട്ടിലേക്കെത്തി. നിജോ നൽകിയ പാസിൽനിന്നാണ് ജോൺ ഗോളടിച്ചത്. കളിക്കാർ അവരുടെ സ്ഥാനങ്ങളിൽ എത്തുംമുമ്പ് റഫറി കളി ആരംഭിക്കാൻ അനുവദിച്ചെന്നായിരുന്നു മഹാരാഷ്ട്രയുടെ പരാതി. പരിശീലകൻ സ്റ്റീവൻ ഡയസുൾപ്പെടെ റഫറിക്കെതിരെ രംഗത്തെത്തി. കളി വൈകിയിട്ടും രംഗം തണുത്തില്ല. മഹാരാഷ്ട്രയുടെ രണ്ട് സഹപരിശീലകർക്ക് റഫറി സുരാജ് ബാകുനി മഞ്ഞക്കാർഡ് വീശി. കളി വൈകിപ്പിച്ചതിന് കേരളം പാരാതി നൽകി.
പരിക്കുസമയം മഹാരാഷ്ട്ര ഗോളി ശിവം കിരൺ ജോൺ പോളിനെ വീഴ്ത്തിയതിന് പെനൽറ്റി നൽകണമെന്നാവശ്യപ്പെട്ട് കേരളവും പ്രതിഷധിച്ചു. ഇതിന് കോച്ച് പി ബി രമേശിന് മഞ്ഞക്കാർഡ് കിട്ടി. മത്സരത്തിലാകെ 15 മിനിറ്റായിരുന്നു പരിക്കുസമയം അനുവദിച്ചത്. എന്നാൽ, 13 മിനിറ്റിൽ റഫറി കളി അവസാനിപ്പിച്ചതായും പരാതിയുണ്ടായി.















