കണ്ണൂർ> രാജ്യത്ത് മാധ്യമസ്വാതന്ത്ര്യത്തിനെതിരെ കേന്ദ്രസർക്കാർ ആക്രമണം കടുപ്പിക്കുകയാണെന്ന് മനുഷ്യാവകാശ പ്രവർത്തക ടീസ്ത സെതൽവാദ്. അറിയാനുള്ള ജനതയുടെ അവകാശത്തെ പൂർണമായും ഇല്ലാതാക്കാനുള്ള നടപടികളാണ് സർക്കാർ സംവിധാനങ്ങളുപയോഗിച്ച് നടപ്പാക്കുന്നത്. ഭരണത്തെ വിമർശിക്കുന്ന മാധ്യമങ്ങളെ തെരഞ്ഞുപിടിച്ച് വേട്ടയാടുന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ബിബിസി ഓഫീസുകളിലെ റെയ്ഡെന്നും അവർ പറഞ്ഞു. കണ്ണൂർ ടൗൺ സ്ക്വയറിൽ ചിന്ത പുസ്തകോത്സവവും റെഡ് ബുക്ക് ലിറ്റററി ഫെസ്റ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു ടീസ്ത.
സാധാരണക്കാരന്റെ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനുള്ള അവകാശം വൻതോതിൽ ഹനിക്കപ്പെടുകയാണ്. യുക്തിരഹിതമായ നിയന്ത്രണങ്ങളാണ് കേന്ദ്രം ഏർപ്പെടുത്തുന്നത്. എന്നാൽ, അഭിപ്രായസ്വാതന്ത്ര്യത്തെ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കാനുള്ള ആയുധമായി സംഘപരിവാർ ഉപയോഗിക്കുന്നുണ്ട്. ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ച കേന്ദ്രസർക്കാരാണിത്. 2014നുശേഷമാണ് ഈ മാറ്റം ശരിക്കും പ്രകടമായത്.
ജനാധിപത്യവും സോഷ്യലിസവും മതേതരത്വവും ഉയർത്തിപ്പിടിക്കേണ്ട ജനാധിപത്യസംവിധാനങ്ങൾ ആർഎസ്എസ്സിന്റെ ഹിന്ദുത്വ അജൻഡയുടെ പ്രയോക്താക്കളാകുന്നു. ആദിവാസികൾക്കും തൊഴിലാളികൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ വിഭാഗീയത പരത്തുന്നു. അവകാശങ്ങൾക്കുവേണ്ടി കർഷകർ നടത്തിയ സമരത്തെയും പൗരത്വ ബില്ലിനെതിരെ നടത്തിയ സമരത്തെയും വർഗീയമായി ചിത്രീകരിക്കാനാണ് ശ്രമിച്ചത്.
ഗാന്ധിവധവുമായും അംബേദ്കറിന്റെ രാജിയുമായും ബന്ധപ്പെട്ട സുപ്രധാന രേഖകൾ അപ്രത്യക്ഷമാകുകയാണ്. സബർമതി ജയിലിൽ 70 ദിവസത്തോളം കഴിഞ്ഞപ്പോൾ എഴുതാനും വായിക്കാനുള്ള അവകാശത്തിനായി വലിയ നിയമപോരാട്ടമാണ് നടത്തേണ്ടി വന്നതെന്നും ടീസ്ത സെതൽവാദ് പറഞ്ഞു.