തിരുവനന്തപുരം> നേതൃത്വത്തിന്റെ ഏകപക്ഷീയ നീക്കങ്ങളിൽ പ്രതിഷേധിച്ച് തലസ്ഥാനത്ത് കോൺഗ്രസിൽ കൂട്ടരാജി. ഡിസിസി ജനറൽ സെക്രട്ടറിമാർ അടക്കം നൂറിലധികം നേതാക്കളും പ്രവർത്തകരുമാണ് രാജിക്കത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന് കൈമാറിയത്. ഡിസിസി ജനറൽ സെക്രട്ടറിമാരായ വാഴോട്ടുകോണം ചന്ദ്രശേഖരൻ, വി എൻ ഉദയകുമാർ, ഡിസിസി അംഗം വട്ടിയൂർക്കാവ് ചന്ദ്രശേഖരൻ എന്നിവരുടെ നേതൃത്വത്തിൽ 104 പേരാണ് രാജിക്കത്ത് നൽകിയത്.
പാർടി പുനസംഘടനയിൽ നേതാക്കൾ ഏകപക്ഷീയ നീക്കങ്ങൾ നടത്തുന്നതായി ആരോപിച്ച് വട്ടിയൂർക്കാവ് ബ്ലോക്കിൽ പ്രവർത്തിക്കുന്ന നേതാക്കളാണ് രാജിവച്ചത്. കെപിസിസി അംഗങ്ങളായ ടി സുദർശനെയും ശാസ്തമംഗലം മോഹനനെയും വട്ടിയൂർക്കാവിലെ പുനസംഘടനാ നടപടികൾക്ക് കെപിസിസി ചുമതലപ്പെടുത്തിയതാണ് പ്രകോപനത്തിന് കാരണം. സ്ഥിരമായി പാർടി സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ ശ്രമിക്കുന്ന ഇരുവർക്കുമെതിരെ പാർടി നടപടിയെടുക്കുന്നില്ല. ബ്ലോക്ക് പ്രസിഡന്റിനെ ഏകപക്ഷീയമാറ്റി എന്നീ ആരോപണങ്ങളാണ് ഇവർ ഉയർത്തുന്നത്.
വട്ടിയൂർക്കാവിൽ കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ പരസ്യമായി രംഗത്തുവന്ന സുദർശനനും ശാസ്തമംഗലം മോഹനനും പിന്നീട് സ്ഥാനാർഥിയെ തോൽപ്പിക്കാൻ ചരടുവലിച്ചതായി രാജിക്കത്തിൽ പറയുന്നു. സ്ഥാനാർഥി വീണാ നായർ തെരഞ്ഞെടുപ്പിൽ മൂന്നാംസ്ഥാനത്തായി. പിന്നീട് വീണയുടെ പോസ്റ്റർ ആക്രിക്കടയിൽ കണ്ടെത്തിയതിനു പിന്നിലും ഇവരാണ്. ഇതിനെതിരെ കെപിസിസിക്ക് പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നും കത്തിൽ പറയുന്നു. അതേസമയം, പാർടിവിരുദ്ധ പ്രവർത്തനം നടത്തിയതിന് ഡിസിസി ജനറൽ സെക്രട്ടറി വി എൻ ഉദയകുമാറിനെ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്തതായി കെപിസിസി ജനറൽ സെക്രട്ടറി അറിയിച്ചു.