കൊച്ചി> കൊച്ചിയുടെ പെരുമയിലേക്ക് ഒരു ദേശീയ നൃത്തോത്സവം കൂടി. രാജ്യത്തെ വിഖ്യാത നർത്തകീ, നർത്തകരെ പങ്കെടുപ്പിച്ച് കൊച്ചി നഗരസഭ സംഘടിപ്പിക്കുന്ന അഞ്ചുനാൾ നീളുന്ന നൃത്തോത്സവം ഭാവ് 2023ന് 16ന് വൈകീട്ട് ആറിന് എറണാകുളം ടൗൺഹാളിൽ തിരിതെളിയും. വിഖ്യാത കഥകളി നടൻ കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രശസ്ത സിനിമാതാരം കൂടിയായ ശോഭന അവതരിപ്പിക്കുന്ന ഭരതനാട്യം.
കലാമണ്ഡലം ശങ്കരവാര്യരുടെ നേതൃത്വത്തിൽ 16ന് വൈകീട്ട് അഞ്ചിന് കേളി കൊട്ടോടെ നൃത്തോത്സവത്തിന് അരങ്ങുണരും. 17ന് വൈകീട്ട് 4. 45 മുതൽ 5. 45 വരെ എറണാകുളം സെൻറ് തേരേസാസ് കോളേജ്, മഹാരാജാസ് കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന മാർഗംകളി, ദഫ്മുട്ട്. തുടർന്ന് ഷഫീക്കുദ്ദീൻ, – ഷബാന ദമ്പതികളുടെ ഭരതനാട്യം. വൈകീട്ട് 7. 30 മുതൽ 8. 30 വരെ ശ്യാമള സുരേന്ദ്രന്റെ നേതൃത്വത്തിൽ ധരണി നൃത്ത വിദ്യാലയം അവതരിപ്പിക്കുന്ന നൃത്ത വിസ്മയം.
18-ന് വൈകീട്ട് അഞ്ചു മുതൽ നഗരസഭാ കൗൺസിലർ കൂടിയായ പത്മജ എസ് മേനോന്റെ മോഹിനിയാട്ടം. ആറു മുതൽ 7 20 വരെ സുജാത മോഹപാത്രയുടെ ഒഡീസ്സി നൃത്തം. 7.30 മുതൽ 8. 30 വരെ സൗമ്യ സതീഷിന്റെ മോഹിനിയാട്ടം. 19-ന് വൈകീട്ട് ആറു മുതൽ 7 15 വരെ വിനീത നെടുങ്ങാടിയുടെ മോഹിനിയാട്ടം, 7 30 മുതൽ 8 45 വരെ പൂർവ്വ ധനുശ്രീയുടെ വിലാസിനി നാട്യം.
സമാപന ദിവസമായ 20-ന് വൈകീട്ട് അഞ്ചു മുതൽ ആറു വരെ തൃപ്പൂണിത്തുറ ആർഎൽവി കോളേജ് വിദ്യാർഥികളുടെ പരമ്പരാഗത നൃതടൊവതരണം. ആറു മുതൽ 7.15 വരെ ശ്രീവിദ്യ ഷൈലേശിന്റെ ഭരതനാട്യം. തുടർന്ന് കൗൺസിലർ കൂടിയായ ശശികല നെടുങ്ങാടിയുടെ കഥകളി. കൊച്ചിയിലെ കലാകാരന്മാരെയും കലാകാരികളെയുംഇേതേ വേദിയിൽ ആദരിക്കും.
ദേശീയ നൃത്തോത്സവത്തിന്റെ ആദ്യപതിപ്പാണിതെന്ന് മേയർ എം അനിൽകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 25 ലക്ഷത്തോളം ചെലവുവരുന്ന പരിപാടി പ്രമുഖ സ്ഥാപനങ്ങളുടെ സ്പോൺസർഷിപ്പോടെയാണ് സംഘടിപ്പിക്കുന്നത്. സമ്പന്നമായ സാംസ്കാരിക പാരമ്പര്യമുള്ള കൊച്ചിയെ ക്ലാസിക്കൽ കലകളുടെയും സാഹിത്യത്തിന്റെയും സംഗമവേദിയായി മാറ്റുകയാണ് ലക്ഷ്യം. അതിന്റെ ഭാഗമായി സാഹിത്യോത്സവവും സംഗീതോത്സവവും കൂടി സംഘടിപ്പിക്കുമെന്നും മേയർ പറഞ്ഞു. ഡെപ്യൂട്ടി മേയർ കെ എ അൻസിയ, സ്ഥിരം സമിതി അധ്യക്ഷരായ പി ആർ റെനീഷ്, ടി കെ അഷറഫ്, ഷീബലാൽ, അഡ്വ. പ്രിയ പ്രശാന്ത്, എംഎച്ച്എം അഷറഫ്, വി എ ശ്രീജിത്ത് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.