കൊച്ചി > ആര്എസ്എസുമായി അടച്ചിട്ട മുറയിൽ രഹസ്യ ചര്ച്ച നടത്തിയെന്ന് സമ്മതിച്ച് ജമാഅത്തെ ഇസ്ലാമി. ജനുവരി 14ന് ന്യൂഡല്ഹിയില് വെച്ചായിരുന്നു രഹസ്യ ചര്ച്ചയെന്ന് ജമാഅത്തെ ഇസ്ലാമി ജനറല് സെക്രട്ടറിയും കേരള മുന് അമീറുമായ ടി ആരിഫ് അലി “ദി ന്യൂ ഇന്ത്യന് എക്സ്പ്രസി’ന് നല്കിയ അഭിമുഖത്തില് പറഞ്ഞു. ചര്ച്ചകള് ഇനിയും തുടരുമെന്നും നിലവില് നടന്നത് പ്രാഥമിക ചര്ച്ചയാണെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസിനെ എതിർക്കുവെന്ന് അവകാശപ്പെടുന്ന ജമാഅത്തെ ഇസ്ലാമിയുടെ ഇരട്ടമുഖമാണ് ഇതിലൂടെ വെളിപ്പെട്ടത്.
അഖിലേന്ത്യാ നേതൃത്വമാണ് ചര്ച്ചയില് പങ്കെടുക്കാമെന്ന തീരുമാനം കൈക്കൊണ്ടതെന്ന് ടി ആരിഫ് അലി പറയുന്നു. മാത്രമല്ല, ആര്എസ്എസുമായി ചര്ച്ച ചെയ്യുന്ന കാര്യം താഴെത്തട്ടിലെ അണികളെ അറിയിക്കുകയും ചെയ്തിരുന്നു. കേന്ദ്ര സര്ക്കാറിനെ നയിക്കുന്ന ഒരു സംഘടനയുമായി ചര്ച്ച നടത്തരുത് എന്ന നിലപാട് സ്വീകരിക്കുന്നത് ബുദ്ധിപരമല്ലെന്നും ആരിഫലി പറഞ്ഞു. ഈ ചര്ച്ചയിലൂടെ ആര്എസ്എസാണ് കേന്ദ്ര സര്ക്കാറിനെ നയിക്കുന്നതെന്ന് തെളിഞ്ഞു. സമൂഹത്തിലെ ഏതെങ്കിലും വിഭാഗവുമായി ഇടപഴകുന്നതില് യാതൊരു പ്രതിബന്ധവും ഉണ്ടാകരുതെന്ന നിലപാടുള്ളവരും ചര്ച്ചയില് വിശ്വസിക്കുന്നവരുമാണ് തങ്ങള്.
ചര്ച്ചയില് ആര്എസ്എസ് പ്രധാനമായും ഉയര്ത്തിയത് കാശി, മഥുര മസ്ജിദ് വിഷയങ്ങളാണ്. വിശ്വാസത്തിന്റെ പ്രശ്നമാണ് ഇവയെന്നതായിരുന്നു ആര്എസ്എസ് മുന്നോട്ടുവെച്ചത്. ഇക്കാര്യത്തില് തങ്ങള്ക്ക് അഭിപ്രായം പറയാന് സാധിക്കില്ലെന്ന് മറുപടി പറഞ്ഞു. കേരളത്തിൽ നിന്ന് മറ്റ് സംഘടനകളൊന്നും ആർഎസ്എസുമായുള്ള ചർച്ചയിൽ പങ്കെടുത്തിട്ടില്ല. മുന് തെരഞ്ഞെടുപ്പ് കമ്മീഷണര് എസ് വൈ ഖുറേഷിയാണ് ചര്ച്ചയുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്ലാമിയെ ബന്ധപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ചർച്ചയിൽ പങ്കെടുക്കാനുള്ള തീരുമാനം അഖിലേന്ത്യാ നേതൃത്വമാണ് എടുത്തത്. ജംഇയ്യത്തുൽ ഉലമയുടെ ഇരുവിഭാഗങ്ങളും ചർച്ചയിൽ പങ്കെടുത്തു. അവർ സമൂഹത്തിലെ വലിയൊരു വിഭാഗത്തെ പ്രതിനിധീകരിക്കുന്നു. അഹ്ൽ ഹദീസ്, ഷിയാ, അജ്മീർ ചിശ്തി എന്നിവയുടെ പ്രതിനിധികളും മുസ്ലീം പണ്ഡിതന്മാരും പങ്കെടുത്തു. ചർച്ചകൾ തുടരും. രണ്ടാം നിര നേതാക്കളുമായി പ്രാഥമിക ചർച്ചകൾ നടത്തി. ഉന്നത തല നേതാക്കൾ തമ്മിലുള്ള ചർച്ച പിന്നീട് നടക്കും ആരിഫ് അലി പറഞ്ഞു.
ആർഎസ്എസ്സുമായി സംസാരിച്ചതിൻ്റെ വിശദാംശങ്ങൾ ജമാഅത്തെ ഇസ്ലാമി വെളിപ്പെടുത്തണമെന്ന് കെ ടി ജലീൽ എംഎൽഎ ആവശ്യപ്പെട്ടു. ചർച്ചകൾക്കൊടുവിൽ ആർക്കാണ് മാനസാന്തരം സംഭവിച്ചതെന്നറിയാൻ ജനങ്ങൾക്ക് താൽപര്യമുണ്ട്. ഈ ചർച്ച എന്തിനാണ് ഇരുകൂട്ടരും രഹസ്യമാക്കി വെച്ചത്? മീഡിയാവണ്ണോ മാധ്യമമോ തത്സംബന്ധമായ വാർത്ത കൊടുക്കാതിരുന്നത് എന്തു കൊണ്ടാണ്?. എവിടെയായിരുന്നു കൂടിക്കാഴ്ച? എന്നായിരുന്നു? മദ്ധ്യസ്ഥർ വല്ലവരും ഉണ്ടായിരുന്നോ?.
പൗരത്വ നിയമം മരവിപ്പിക്കാമെന്ന ഉറപ്പ് മോഹൻ ഭാഗവതിൽ നിന്ന് കിട്ടിയോ? മുത്തലാഖ് നിയമം പിൻവലിക്കുമെന്ന് RSS നേതാക്കൾ പറഞ്ഞോ? കാശ്മീരിൻ്റെ പ്രത്യേക പദവി പുനസ്ഥാപിക്കുമെന്ന് ഭരണം നിയന്ത്രിക്കുന്നവർ വാക്ക് നൽകിയോ? ബാബരി മസ്ജിദ് പൊളിച്ചതിൽ സംഘ് പരിവാരങ്ങൾ ക്ഷമാപണം നടത്തിയോ? ഗുജറാത്തിലെ മുസ്ലിം കൂട്ടക്കൊലയിൽ ബി.ജെ.പി മാപ്പപേക്ഷിച്ചോ? ബീഫ് വിവാദത്തിൽ അതിക്രൂരമായി കൊലചെയ്യപ്പെട്ട മുഹമ്മദ് അഖ്ലാഖ് ഉൾപ്പടെയുള്ള അൻപതോളം മനുഷ്യരുടെ മരണത്തിൽ “ഗോ സംരക്ഷണ സേന” ഖേദം പ്രകടിപ്പിച്ചോ? സ്ഥല നാമങ്ങൾ മാറ്റുന്ന നയം അവസാനിപ്പിക്കാമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമ്മതിച്ചോ? NDA സഖ്യത്തിൽ വെൽഫെയർ പാർട്ടിയെ ചേർക്കാമെന്ന വല്ല ഉറപ്പും ലഭിച്ചോ? ഈ ചോദ്യങ്ങൾക്ക് മറുപടി പറയാതെ ജമാഅത്തെ ഇസ്ലാമിക്ക് മുന്നോട്ട് പോകാനാവില്ല. പഴമൊഴി: “നായയുടെ വാല് പന്തീരാണ്ടു കാലം കുഴലിലിട്ടാലും അത് വളഞ്ഞ് തന്നെ ഇരിക്കും” വളഞ്ഞ വാൽ ഓടക്കുഴലിട്ട് നിവർത്താൻ ശ്രമിക്കുന്നവരെ എന്ത് പേരിട്ടാണ് വിളിക്കുക? – ജലീൽ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.