തലശേരി > ധർമടം ബാങ്ക് എംപി കുമാരൻ സാഹിത്യ പുരസ്കാരം എൻ പ്രഭാകരനും നവാഗത കഥാകാരികൾക്കുള്ള വിവി രുഗ്മിണി കഥാപുരസ്കാരം വി പ്രവീണക്കും. മാർച്ച് അവസാനവാരം ചിറക്കുനിയിൽ ചേരുന്ന ചടങ്ങിൽ പുരസ്കാരം നൽകുമെന്ന് പുരസ്കാര സമിതി ചെയർമാൻ ടി അനിലും കൺവീനർ സി പി ഹരീന്ദ്രനും വാർത്താസമ്മേളനത്തിൽ അറിയിച്ചു. മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് എൻ പ്രഭാകരന് പുരസ്കാരം നൽകുന്നത്.
വൈശാഖൻ, പ്രൊഫ ബി മുഹമ്മദ് അഹമ്മദ്, എം കെ മനോഹരൻ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര നിർണയം നടത്തിയത്. 25,000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ചെറുകഥ, കവിത, നോവൽ, നാടകം, ആത്മകഥ തുടങ്ങിയ സാഹിത്യശാഖകളിലായി 15 ലേറെ പുസ്തകങ്ങൾ രചിച്ച എൻ പ്രഭാകരൻ പഴയങ്ങാടിക്കടുത്ത എരിപുരം സ്വദേശിയാണ്. ധർമടത്താണ് താമസം. ഗവ. ബ്രണ്ണൻ കോളേജ് പൂർവവിദ്യാർഥിയും ദീർഘകാലം അധ്യാപകനുമായിരുന്നു. ബാലസംഘം മുൻ ജില്ല പ്രസിഡന്റും എസ്എഫ്ഐയുടെ ആദ്യകാല പ്രവർത്തകനുമാണ്.
കഥാപുരസ്കാരം നേടിയ വി പ്രവീണ ഗൃഹലക്ഷ്മി സബ് എഡിറ്ററും പത്തനംതിട്ട അടൂർ സ്വദേശിയുമാണ്. സമകാലിക മലയാളം വാരികയിൽ പ്രസിദ്ധീകരിച്ച ‘അഷ്ടമൂർത്തി’ എന്ന കഥയാണ് പുരസ്കാരത്തിന് അർഹമായത്. ഡോ ജിസ ജോസ്, ടി പി വേണുഗോപാലൻ, അഡ്വ കെ കെ രമേഷ് എന്നിവരാണ് പുരസ്കാരം നിർണയിച്ചത്. പതിനായിരം രൂപയും ശിൽപവും പ്രശസ്തി പത്രവുമാണ് കഥാപുരസ്കാരം. വാർത്താസമ്മേളനത്തിൽ ബാങ്ക് സെക്രട്ടറി ദിലീപ് വേണാടൻ, പ്രൊഫ വി രവീന്ദ്രൻ എന്നിവരും പങ്കെടുത്തു.