കോഴിക്കോട് > മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ മോഷണക്കുറ്റം ആരോപിച്ച് ചോദ്യം ചെയ്തതിനെ തുടർന്ന് ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിെരെ നടപടി സ്വീകരിക്കണെമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് എകെഎസ് നേതൃത്വത്തിൽ മെഡിക്കൽ കോളേജ് മാതൃ–-ശിശു സംരക്ഷണ കേന്ദ്രത്തിേലേക്ക് മാർച്ച് നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി വിശ്വനാഥൻ ഉദ്ഘാടനംചെയ്തു. എകെഎസ് ജില്ലാ സെക്രട്ടറി ശ്യാം കിഷോർ, പ്രസിഡന്റ് ബാബു എന്നിവർ സംസാരിച്ചു.
എകെഎസ് നേതൃത്വത്തിൽ മെഡിക്കൽ കോളേജ് മാതൃ–-ശിശു സംരക്ഷണ കേന്ദ്രത്തിേലേക്ക് നടത്തിയ മാർച്ച്
മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഭാര്യക്കൊപ്പമെത്തിയ ആദിവാസി യുവാവിന്റെ ആത്മഹത്യയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെ കൽപ്പറ്റ പുഴമുട്ടി വിശ്വനാഥൻ (46) ആശുപത്രിയുടെ മുറ്റത്തുനിന്ന് പുറത്തേക്കോടുകയായിരുന്നു. അന്വേഷണത്തിനിടെ ശനിയാഴ്ച രാവിലെ ആശുപത്രിക്ക് സമീപം മരത്തിൽ മുണ്ടുപയോഗിച്ച് തൂങ്ങിമരിച്ച നിലയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു.
മോഷണം നടത്തിയെന്നുപറഞ്ഞ് ആശുപത്രി സുരക്ഷാ ജീവനക്കാർ ചോദ്യംചെയ്തതിലുള്ള മനോവിഷമമാണ് മരണത്തിന് കാരണമെന്ന് കാണിച്ച് ബന്ധുക്കൾ പരാതിനൽകിയിരുന്നു. ഇതനുസരിച്ച് സുരക്ഷാ ജീവനക്കാർ ഉൾപ്പെടെയുള്ള ജീവനക്കാരെ മെഡിക്കൽ കോളേജ് സിഐ ബെന്നി ലാലുവിന്റെ നേത്യത്വത്തിൽ ചോദ്യംചെയ്തിരുന്നു. ആശുപത്രി മുറ്റത്ത് എല്ലാവരും പായവിരിച്ച് കിടക്കുന്ന സമയമായതിനാൽ മറ്റ് ബഹളമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അന്ന് സ്ഥലത്തുണ്ടായിരുന്ന മറ്റ് രോഗികളുടെ കൂട്ടിരിപ്പുകാർ പറയുന്നത്. സുരക്ഷാജീവനക്കാരുടെ സമീപത്തുനിന്ന് പുറത്തേക്കോടുന്നത് പലരും കണ്ടതാണ്. ഗെയിറ്റിൽവന്ന് വാർഡിലേക്ക് പോകണമെന്ന് വാശിപിടിച്ചപ്പോൾ അമ്മയെ വിളിച്ചുവരുത്തിയെന്നും അമ്മ പോയിക്കഴിഞ്ഞതിനുശേഷം മുറ്റത്തുകൂടി അസ്വസ്ഥനായി നടന്ന് പുറത്തേക്കോടി എന്നുമാണ് സുരക്ഷാ ജീവനക്കാർ പറയുന്നത്. ഓടുമ്പോൾ വീണുപോയ ഫോണും ബാഗും അമ്മയെ വിളിച്ചേൽപ്പിച്ചതായും ഇവർ പറയുന്നു.
വിശ്വനാഥന്റെ ഭാര്യ ബിന്ദു ബുധനാഴ്ച പ്രസവിച്ചിരുന്നു. വിവാഹം കഴിഞ്ഞ് 18 വർഷത്തിനുശേഷമാണ് കുഞ്ഞ് ജനിച്ചത്. ഇതിന്റെ സന്തോഷത്തിലായിരുന്നു വിശ്വനാഥനെന്ന് ബന്ധുക്കൾ പറഞ്ഞു. കാണാതായത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകാനെത്തിയപ്പോൾ മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന് വിശ്വനാഥന്റെ പേരിൽ പരാതിയുണ്ടന്ന് പൊലീസ് പറഞ്ഞതായും ബന്ധുക്കൾ പറഞ്ഞു. ആത്മഹത്യചെയ്യാൻ വിശ്വനാഥനെ പ്രേരിപ്പിച്ച സാഹചര്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.