കൽപ്പറ്റ> കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു കേന്ദ്രത്തിൽ ഭാര്യയുടെ പ്രസവത്തിനെത്തിയ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ബന്ധുക്കൾ. കൽപ്പറ്റ അഡ്ലയ്ഡ് പാലവയൽ കോളനിയിലെ വിശ്വനാഥനെ ശനിയാഴ്ച ആശുപത്രിക്കുസമീപം കാടുപിടിച്ച സ്ഥലത്താണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ടെന്നും മരണത്തിൽ ദൂരൂഹതയുണ്ടെന്നും സഹോദരൻ ഉൾപ്പെടെ ബന്ധുക്കൾ പറഞ്ഞു. ഇല്ലാത്ത മോഷണക്കുറ്റം വിശ്വനാഥനുമേൽ ആരോപിച്ചതെന്നും ഇവർ പറയുന്നു.
വെള്ളി പുലർച്ചെ മുതൽ വിശ്വനാഥനെ കാണാനില്ലെന്ന് ബന്ധുക്കൾ മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടയിലാണ് മരിച്ചനിലയിൽ കണ്ടത്. മൃതദേഹം ഞായറാഴ്ച ഉച്ചയോടെ കൽപ്പറ്റ പാലവയലിലെത്തിച്ച് സംസ്കരിച്ചു.
വിശ്വനാഥൻ ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. പൊലീസും മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടും അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.















