ന്യൂഡൽഹി
അയോധ്യയിൽ ബാബ്റി പള്ളി പൊളിച്ചിടത്ത് അമ്പലം പണിയാൻ ഉത്തരവിട്ട സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിലെ ജസ്റ്റിസ് എസ് അബ്ദുൾ നസീറിനെ ആന്ധ്രപ്രദേശ് ഗവർണറായി മോദി സർക്കാർ നിയമിച്ചതിൽ വിവാദം കത്തുന്നു. സർക്കാർ തീരുമാനം ഭരണഘടനാ മൂല്യങ്ങളും ജുഡീഷ്യറിയുടെ വിശ്വാസ്യതയും ഹനിക്കുന്നതാണെന്ന് അഭിപ്രായമുയർന്നു. നോട്ട് നിരോധന നടപടി ശരിവച്ച ബെഞ്ചിലും ജസ്റ്റിസ് അബ്ദുൾ നസീർ അംഗമായിരുന്നു. ജനുവരി നാലിന് സുപ്രീംകോടതിയിൽനിന്ന് വിരമിച്ച് അഞ്ചാമത്തെ ആഴ്ചയിൽത്തന്നെ അദ്ദേഹത്തെ തേടി പുതിയ പദവിയെത്തി. സുപ്രീംകോടതി ജഡ്ജിയായിരിക്കെ 2021 ഡിസംബറിൽ ആർഎസ്എസിന്റെ അഭിഭാഷക സംഘടനയായ അഖിൽ ഭാരതീയ അതിവക്ത പരിഷത്ത് ദേശീയ കൗൺസിൽ യോഗത്തിൽ അബ്ദുൾ നസീര് പങ്കെടുത്തത് വിവാദമായിരുന്നു. ജഡ്ജി നിയമനങ്ങളില് വ്യാപക വിമര്ശമുയരുന്ന ഘട്ടത്തിലാണ് മോദി സര്ക്കാരിന്റെ വിവാദ നടപടി.
അയോധ്യ കേസ് പരിഗണിച്ച അഞ്ചംഗ ബെഞ്ചിന് നേതൃത്വം നൽകിയ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ വിരമിച്ചതിനു പിന്നാലെ മോദി സർക്കാർ രാജ്യസഭാംഗമാക്കി. അയോധ്യ ബെഞ്ചിലെ മറ്റൊരു ജഡ്ജിയായ അശോക് ഭൂഷൺ നിലവിൽ ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രിബ്യൂണൽ അധ്യക്ഷനാണ്. മുൻ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയും അഞ്ചംഗ ബെഞ്ചിൽ ഉൾപ്പെട്ടിരുന്നു. ഇദ്ദേഹം മഹാരാഷ്ട്ര നാഷണൽ ലോ യൂണിവേഴ്സിറ്റി ചാൻസലറാണ്.
ഭരണഘടനാമൂല്യങ്ങള്ക്ക് ചേരുന്നതല്ല ഇത്തരം തീരുമാനങ്ങളെന്ന് എ എ റഹിം എംപി പ്രതികരിച്ചു. മോദിക്കായി പ്രവർത്തിക്കുന്നവരൊക്കെ ഗവർണർമാരാകുകയാണെന്ന് കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ പറഞ്ഞു. വിരമിച്ചതിനുശേഷം കാത്തിരിക്കുന്ന പദവികൾ പലപ്പോഴും വിധിന്യായങ്ങളെ സ്വാധീനിക്കാറുണ്ടെന്ന് അന്തരിച്ച ബിജെപി നേതാവ് അരുൺ ജെയ്റ്റ്ലി പറയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില് പ്രചരിച്ചു. ആറ് സംസ്ഥാനത്ത് പുതിയ ഗവർണർമാരെയും ഏഴ് സംസ്ഥാനത്ത് ഗവർണർമാരെ മാറ്റി നിയമിച്ചുമാണ് സർക്കാർ ഉത്തരവിറക്കിയത്.