ഭുവനേശ്വർ
ഇന്ത്യൻ ഫുട്ബോളിനെ ഉടച്ചുവാർക്കാനുള്ള ദൗത്യത്തിലാണ് ഷാജി പ്രഭാകരൻ. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) സെക്രട്ടറി ജനറലായി ചുമതലയേറ്റ് അഞ്ചുമാസമേ ആയിട്ടുള്ളൂ. ചെറിയ കാലയളവിനുള്ളിൽത്തന്നെ, കൃത്യമായ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് അമ്പതുകാരൻ. ഇന്ത്യയെ ഏഷ്യയിലെ മികച്ച മൂന്ന് ടീമുകളിൽ ഒന്നാക്കി മാറ്റാനുള്ള ‘വിഷൻ 2047’ ആണ് പ്രധാനം. സന്തോഷ് ട്രോഫിയുടെ ഘടന മാറ്റി കൂടുതൽ വിപുലീകരിച്ചു. വനിതാ ഫുട്ബോളിനെ ഉയർത്താനുള്ള പദ്ധതികളും അണിയറയിൽ ഒരുങ്ങുന്നു. ഭാവിപദ്ധതികളെപ്പറ്റി ഷാജി പ്രഭാകരൻ മനസ്സ് തുറക്കുന്നു. മാവേലിക്കര സ്വദേശിയായ ഷാജി നിലവിൽ ഡൽഹിയിലാണ് താമസം. ഡൽഹി ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റായിരുന്നു.
സന്തോഷ് ട്രോഫിക്ക് ജീവൻ
ഒരുകാലത്ത് നമ്മുടെ എല്ലാമായിരുന്നു സന്തോഷ് ട്രോഫി. എന്നാൽ, പതിയെ പ്രാധാന്യം കുറഞ്ഞു. പുതിയ ചുമതലയേറ്റശേഷം ആദ്യമെടുത്ത തീരുമാനങ്ങളിലൊന്ന് ടൂർണമെന്റിന്റെ പ്രതാപം തിരിച്ചുകൊണ്ടുവരിക എന്നതായിരുന്നു. മത്സരഘടന മാറ്റിയത് അതിനാലാണ്. 36 ടീമുകൾ ആറ് ഗ്രൂപ്പിൽ യോഗ്യത കളിച്ചു. അടുത്തത് ഫൈനൽ റൗണ്ട്. ഇങ്ങനെ ഏറ്റവും ഒടുവിൽ ഫൈനൽ കളിക്കുന്ന ടീമുകൾക്ക് 12 മത്സരം കിട്ടും. ലോകകപ്പിനുപോലും ഇല്ലാത്ത രീതി. കളി കിട്ടിയിട്ടേ കാര്യമുള്ളു. അല്ലാതെ ഒന്നും മെച്ചപ്പെടില്ല.
പിള്ളേര് പറക്കട്ടെ
സന്തോഷ് ട്രോഫി ഫൈനൽ ഉൾപ്പെടെ സൗദി അറേബ്യയിൽ നടത്തുന്നത് യുവതാരങ്ങൾക്ക് പുതിയ അനുഭവങ്ങൾ നൽകാനാണ്. എന്താണ് പ്രൊഫഷണൽ രീതികൾ എന്ന് നമ്മുടെ കുട്ടികളും അറിയണം. യൂറോപ്യൻ ഫുട്ബോൾ കണ്ടല്ല അതറിയേണ്ടത്. സൗദിയിൽ കളി നടത്താൻ നല്ല ചെലവുണ്ട്. അതൊന്നും കാര്യമാക്കിയില്ല. ടൂർണമെന്റിന് കൂടുതൽ ശ്രദ്ധ കിട്ടേണ്ടതുണ്ട് എന്നതിനാൽകൂടിയാണ് ഇത്തവണ ഇങ്ങനെയൊരു തീരുമാനമെടുത്തത്. സൗദിയിൽ കളി കാണാൻ ടിക്കറ്റുണ്ടാകും.
വിഷൻ 2047
എഐഎഫ്എഫിന്റെ സ്വപ്നപദ്ധതിയാണിത്. രാജ്യത്തെ ഫുട്ബോളിന്റെ വളർച്ചയ്ക്കായി അടുത്ത 25 വർഷത്തേക്ക് ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയെന്നത് തീരുമാനിച്ച് ഉറപ്പിച്ചിട്ടുണ്ട്. ഇത് നടപ്പാക്കാനുള്ള നടപടികളും കൃത്യമായ ഇടപെടലും ഉണ്ടാകും. അവസാനമില്ലാത്ത യാത്രയാണിത്. 11 മേഖലകളിലാണ് ഇടപെടുന്നത്. കുട്ടികൾക്ക് അടിസ്ഥാനസൗകര്യം ഒരുക്കുക എന്നതാണ് വിഷന്റെ കാതൽ. ചെറുപ്പത്തിലേ കുട്ടികളെ കളി പഠിപ്പിക്കുക, പ്രാദേശിക ടൂർണമെന്റുകൾ വിപുലീകരിക്കുക എന്നതെല്ലാം പദ്ധതിയിലുണ്ട്.
വനിതാ ഫുട്ബോൾ
ഏപ്രിലിൽ വനിതാ ഫുട്ബോളിന്റെ വികസനത്തിനായുള്ള ബൃഹത്പദ്ധതി പ്രഖ്യാപിക്കും. പുരുഷതാരങ്ങൾക്ക് തുല്യമായ വരുമാനം ഉറപ്പാക്കുന്നതിനാണ് ഊന്നൽ. ദേശീയ വനിതാ ലീഗിൽ മത്സരങ്ങൾ വർധിപ്പിക്കും. സ്വന്തം തട്ടകത്തിലും എതിർ തട്ടകത്തിലും കളി വരും.