ന്യൂഡല്ഹി> മഹാരാഷ്ട്ര ഗവര്ണര് ഭഗത് സിംഗ് കോഷിയാരി രാജിവെച്ചു. രാജി രാഷ്ട്രപതി സ്വീകരിച്ചതിനെ തുടര്ന്ന് ഝാര്ഖണ്ഡ് ഗവര്ണര് രമേഷ് ബയ്സിനെ മഹാരാഷ്ട്ര ഗവര്ണറായി നിയമിച്ചു.സുപ്രീം കോടതി മുന് ജഡ്ജി എസ് അബ്ദുള് നസീറിനെ ആന്ധ്രാപ്രദേശിലും മുതിര്ന്ന ബിജെപി നേതാവ് സിപി രാധാകൃഷ്ണനെ ഝാര്ഖണ്ഡിലും ഗവര്ണറായി നിയമിച്ചു. ലെഫ്റ്റന്റ് ഗവര്ണര് കൈവല്യ ത്രിവിക്രം പര്നായിക് അരുണാചല് ഗവര്ണറാകും.ഇതടക്കം ഏഴ് സംസ്ഥാനങ്ങളില് ഗവര്ണര്മാരെ മാറ്റി, ആറിടങ്ങളില് പുതിയ ഗവര്ണര്മാരെ നിയമിച്ചു.
ലക്ഷ്മണ് പ്രസാദ് ആചാര്യ സിക്കിം ഗവര്ണറാകും. ഗുലാംചന്ദ് കഠാരിയ അസമിലും ശിവപ്രസാദ് ശുക്ല ഹിമാചലിലും രാജേന്ദ്ര വിശ്വനാഥ് അര്ലേക്കര് ബിഹാറിലും ഗവര്ണറാകും. അനസൂയ ഉയര്ക്കെയെ മണിപ്പൂര് ഗവര്ണറായും മാറ്റി നിയമിച്ചു. ലഡാക്ക് ഗവര്ണര് ആര് കെ മാത്തൂറിന്റെ രാജിയും രാഷ്ട്രപതി സ്വീകരിച്ചു. മാത്തൂറിന് പകരം റിട്ടയേര്ഡ് ബ്രിഗേഡിയര് ബിഡി മിശ്ര ലഡാക്കില് ഗവര്ണറാകും. നിലവില് അരുണാചല് പ്രദേശ് ഗവര്ണറായണ്
മൂന്നാഴ്ച മുന്പാണ് രാഷ്ട്രീയത്തില് നിന്ന വിരമിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ച് കോഷിയാരി രാജി സമര്പ്പിച്ചത്. ഇനിയുള്ള കാലം എഴുത്തിലേക്കും വായനയിലേക്കും മാറുന്നതിനായി ആഗ്രഹിക്കുന്നുവെന്ന് രാജ്ഭവന് ഇറക്കിയ പ്രസ്താവനയില് വ്യക്തമാക്കി. മുന് മുഖ്യമന്ത്രിയായും പാര്ലമെന്റിന്റെ ഇരുസഭകളിലും എംപിയായും സേവനമനുഷ്ഠിച്ചിട്ടുള്ള ആര്എസ്എസ് പ്രവര്ത്തകനായ കോഷിയാരി 2019ലാണ് മഹാരാഷ്ട്ര ഗവര്ണറായി നിയമിതനായത്.
സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് അബ്ദുള് നസീര് അടുത്തിടെയാണ് വിരമിച്ചത്. ബാബറി മസ്ജിദ് കേസിലും മുത്തലാഖ് കേസിലും വിധി പറഞ്ഞ ബെഞ്ചില് അബ്ദുള് നസീറും അംഗമായിരുന്നു. മുത്തലാഖില് ജസ്റ്റിസ് നസീര് അനുകൂല വിധി പറഞ്ഞിരുന്നു.
എല് ഗണേശനെ നാഗാലാന്ഡിലും ഫഗു ചൗഹാനെ മേഘാലയയിലും ഗവര്ണാറായി നിയമിച്ചു.