കൊച്ചി
ചുരുക്കപ്പട്ടികയിൽപോലുമില്ലാതിരുന്നയാളെ കാസർകോട് കേന്ദ്ര സർവകലാശാല വൈസ് ചാൻസലറാക്കിയ കേന്ദ്രസർക്കാർ നടപടിയുടെ മുഴുവൻ രേഖകളും ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. പ്രൊഫ. എച്ച് വെങ്കിടേശ്വരലുവിന്റെ തെരഞ്ഞെടുപ്പും നിയമനവുമായും ബന്ധപ്പെട്ട രേഖകളാണ് ഹാജരാക്കേണ്ടത്. രേഖകൾ ഇരുപതിനകം കോടതിയിൽ ഹാജരാക്കണമെന്നും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിലെ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയോട് ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരടങ്ങുന്ന ബെഞ്ച് നിർദേശിച്ചു.
വെങ്കിടേശ്വരലുവിന്റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിസി നിയമന ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന ചിലർ നൽകിയ ഹർജികളിലാണ് ഹൈക്കോടതിയുടെ നിർദേശം. കർണാടകക്കാരനും മൈസൂർ സർവകലാശാലയിലെ സൈക്കോളജി പ്രൊഫസറുമായ ജി വെങ്കിടേഷ് കുമാർ, മലയാളിയും ഗുജറാത്തിൽ സ്ഥിരതാമസക്കാരനുമായ പ്രൊഫ. ഡോ. ടി എസ് ഗിരീഷ്കുമാർ, ഉത്തരാഖണ്ഡുകാരൻ ഡോ. നവീൻ പ്രകാശ് നൗട്യാൽ എന്നിവരാണ് ഹർജിക്കാർ.
കേന്ദ്ര സർവകലാശാല വിസി നിയമനത്തിന് 2019ൽ 223 പേരാണ് അപേക്ഷിച്ചത്. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിലെ ഉന്നതവിദ്യാഭ്യാസവകുപ്പ് രൂപംനൽകിയ സെലക്ഷൻ കമ്മിറ്റി ഇവരിൽനിന്ന് 16 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. ഇതിൽനിന്ന് തെരഞ്ഞെടുത്ത അഞ്ചുപേരുകൾ ഉൾപ്പെട്ട പാനൽ സർവകലാശാലാ വിസിറ്റർ കൂടിയായ രാഷ്ട്രപതിക്ക് സമർപ്പിച്ചു. എന്നാൽ, പാനലിൽ യോഗ്യരായ ഉദ്യോഗാർഥികൾ ഇല്ലെന്നു പറഞ്ഞ് ഉന്നതവിദ്യാഭ്യാസവകുപ്പ് വിസിറ്റർക്ക് കുറിപ്പ് നൽകി. ഇത് പരിഗണിച്ച് പട്ടിക ഒഴിവാക്കിയ വിസിറ്റർ, പുതിയ പാനൽ വാങ്ങി നിയമനം നടത്തുകയായിരുന്നു.
സെലക്ഷൻ കമ്മിറ്റി നിർദേശിച്ച പാനലിലുള്ളവർക്ക് യോഗ്യതയില്ലെന്ന് മാനവവിഭവശേഷി മന്ത്രാലയത്തിന് പറയാനാകില്ലെന്നും ഇത്തരമൊരു നിർദേശം സ്വീകരിക്കാൻ വിസിറ്റർക്ക് നിയമപരമായി കഴിയില്ലെന്നുമാണ് ഹർജിക്കാരുടെ വാദം. എന്നാൽ, നിയമനം സംബന്ധിച്ച് കൃത്യമായ വ്യവസ്ഥകളില്ലെങ്കിൽ വിസി നിയമനത്തിൽ ഇടപെടാനാകുമെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ വാദം. തുടർന്നാണ് ഫയലുകൾ ഹാജരാക്കാൻ നിർദേശിച്ചത്.