തിരുവനന്തപുരം
കെ സുധാകരനെ കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യപ്പെട്ട് എംപിമാരടങ്ങുന്ന സംഘം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് കത്തുനൽകി. മാത്യു കുഴൽനാടൽ എംഎൽഎയെ കെപിസിസി ട്രഷറർ ആക്കാനുള്ള സുധാകരന്റെ നീക്കം തടയണമെന്നും കത്തിലുണ്ട്. എം കെ രാഘവൻ, കെ മുരളീധരൻ, ബെന്നി ബെഹനാൻ, ടി എൻ പ്രതാപൻ, അടൂർ പ്രകാശ് തുടങ്ങിയ എംപിമാരാണ് നേരിട്ട് പരാതി നൽകിയത്. നേരത്തേ രംഗത്ത് വരാത്തവരും ഇക്കുറി പരാതിയിൽ ഒപ്പുവച്ചു. കുഴൽനാടൻ, വി ടി ബാലറാം, കെ ജയന്ത്, ടി യു രാധാകൃഷ്ണൻ തുടങ്ങിയ നേതാക്കളും കെപിസിസി സ്റ്റാഫും ചേർന്നാണ് പാർടി ഭരണം. ഇവരെ കൂടാതെ സുധാകരന് നിലനിൽപ്പില്ല എന്നതിനാൽ മാറ്റലാണ് ഉചിതം. ഇരട്ട പദവി പാടില്ലെന്ന് ചിന്തൻ ശിബിർ തീരുമാനമുണ്ടായിട്ടും എംഎൽഎ ആയ കുഴൽനാടനെ ട്രഷറർ ആക്കാനാണ് നീക്കം. ഇത് അംഗീകരിക്കാൻ ആകില്ലെന്നും നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഘട്ടത്തിൽ പാർടി ദുർബലമാവുകയാണ്.
സുധാകരന്റെ ആരോഗ്യപ്രശ്നവും അനാവശ്യ പ്രസ്താവനകളും ജില്ലാ നേതൃത്വങ്ങളെക്കൊണ്ട് സംഘടനാകാര്യങ്ങൾ ചെയ്യിക്കാൻ പറ്റാത്തതും നേരത്തേതന്നെ ചർച്ചയാണ്. ഡിസിസി, ബ്ലോക്ക്, മണ്ഡലം പുനഃസംഘടന നടത്തി ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് കടക്കേണ്ട സമയം അതിക്രമിച്ചു. എന്നാൽ, ജില്ലാ സമിതികൾക്ക് പ്രാഥമിക പട്ടികപോലും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. പലയിടത്തും ജില്ലാ സമിതിയോഗം ചേർന്നാൽ കൂട്ടത്തല്ലാണ്. ഇതിനിടെ അനാവശ്യമായി ചില നേതാക്കളെ സസ്പെൻഡ് ചെയ്ത് സുധാകരൻ പ്രശ്നം വഷളാക്കി. പത്തനംതിട്ട മുൻ ഡിസസി അധ്യക്ഷൻ ബാബു ജോർജിനെതിരായ നടപടിയിൽ എ ഗ്രൂപ്പ് ക്ഷുഭിതരാണ്. പത്തനംതിട്ടയിലോ കാസർകോട്ടോ നിലവിലുള്ള ജില്ലാ സമിതികൾ യോഗം ചേർന്ന് പട്ടിക ഉണ്ടാക്കാനുള്ള സാഹചര്യമില്ലെന്നും നേതാക്കൾ പറഞ്ഞു.