ഇടുക്കി> കുട്ടിക്കാനം മാര്‍ ബസേലിയോസ് ക്രിസ്റ്റ്യന്‍ കോളേജ് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജി ക്യാമ്പസില്‍ 35-ാമത് കേരള ശാസ്ത്രകോണ്‍ഗ്രസ് ഞായര്‍ രാവിലെ 10-ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിനുശേഷം ‘കേരളത്തിന്റെ കാലാവസ്ഥ- 2023’ പ്രത്യേക പതിപ്പ്, ശാസ്ത്രസാങ്കേതികവിദ്യയുടെ 50 വര്‍ഷം കേരളത്തില്‍- സമാഹാരം എന്നിവ മുഖ്യമന്ത്രി പ്രകാശിപ്പിക്കും. യുവ ശാസ്ത്രഗവേഷകര്‍ക്കുള്ള മുഖ്യമന്ത്രിയുടെ സുവര്‍ണ മെഡല്‍, ഡോ. എസ് വാസുദേവ് അവാര്‍ഡ്, ശാസ്ത്രസാഹിത്യ പുരസ്കാരങ്ങള്‍, മികച്ച ഗവേഷകനുള്ള അവാര്‍ഡ് എന്നിവയും നല്‍കും.
ശാസ്ത്രകോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന പ്രഭാഷണങ്ങളുടെയും പ്രബന്ധങ്ങളുടെയും സമാഹാരം മന്ത്രി റോഷി അഗസ്റ്റിന് പ്രകാശിപ്പിക്കും. ദിവസവും ‘നാനോ സയന്‍സും നാനോ ടെക്നോളജിയും മാനവക്ഷേമത്തിന്’ എന്ന വിഷയത്തില്‍ പ്രഭാഷണങ്ങള്‍ നടക്കും. തിങ്കള്‍ പകല്‍ യുവശാസ്ത്രജ്ഞ പുരസ്കാര ജേതാക്കളുടെ പ്രബന്ധാവതരണം, ശാസ്ത്രാധിഷ്ഠിത പ്രശ്നപരിഹാരം, സ്റ്റാര്‍ട്ടപ്, ഇന്നവേറ്റേഴ്സ് ആന്‍ഡ് ഇന്‍കുബേറ്റേഴ്സ് എന്നിവ നടക്കും. സമാപന ദിവസമായ ചൊവ്വാഴ്ച സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രബന്ധങ്ങളുടെ അവതരണം. വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രസാങ്കേതിക മേഖലയിലെ പ്രമുഖരുമായി സംവദിക്കാനുള്ള അവസരവുമുണ്ട്.