കോന്നി > കോന്നി താലൂക്ക് ഓഫീസിൽജീവനക്കാർകൂട്ട അവധി എടുത്ത് മൂന്നാറിൽവിനോദ യാത്രയ്ക്ക് പോയതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. അനധികൃതമായി ജോലിയ്ക്ക് ഹാജരാകാതിരുന്ന കോന്നി തഹസീല്‍ദാര്‍ ഉള്‍പ്പെടെ 19 ഉദ്യോഗസ്ഥരാണ് മൂന്നാറിൽ തുടരുന്നത്. ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് റവന്യു മന്ത്രി കെ രാജന് അറിയിച്ചു. ഓഫീസിലെ 23 ജീവനക്കാർ അവധിക്ക് അപേക്ഷ നൽകിയും 21 പേർ അവധി എടുക്കാതെയുമാണ് വിനോദ യാത്രയ്ക്ക് പോയത്. ദേവികുളം, മൂന്നാർ എന്നിവിടങ്ങളിലേക്കാണ് സംഘം യാത്ര പോയത്. ഓഫീസ് സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ച യാത്രയ്ക്കായി 3000 രൂപ വീതം ഓരോരുത്തരും നൽകിയിരുന്നു.
ജീവനക്കാരെ സംരക്ഷിക്കാനാണ് എഡിഎം ശ്രമിക്കുന്നതെന്ന് കെ യു ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. ജീവനക്കാർ കൂട്ട അവധി എടുത്ത് ഉല്ലാസയാത്ര പോയതിൽ നടപടിയെടുക്കേണ്ടതിന് പകരം എംഎൽഎക്ക് രേഖകൾ പരിശോധിക്കാൻ എന്ത് അധികാരമാണുള്ളതെന്ന് ചോദിക്കുകയാണ് എഡിഎം ചെയ്തത്. എഡിഎമ്മിനെതിരെ മുഖ്യമന്ത്രിക്കും സ്പീക്കർക്കും പരാതി നൽകുമെന്നും എംഎൽഎ പറഞ്ഞു.
അഞ്ച് ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് കൊടുക്കാനാണ് മന്ത്രി എഡിഎമ്മിന് നിർദേശം നൽകിയത്. എന്നാൽ എഡിഎം ഇവിടെ വന്ന് അന്വേഷിച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ചയെ കുറിച്ചല്ല. എംഎൽഎക്ക് രേഖകൾ പരിശോധിക്കാൻ ആരാണ് അധികാരം കൊടുത്തത് എന്നാണ് എഡിഎം ചോദിച്ചത്. എംഎൽഎയുടെ പണി മരണവീട്ടിൽ പോകുക, കല്യാണവീട്ടിൽ പോകുക, ഉദ്ഘാടനത്തിനു പോകുക എന്നാണ് എഡിഎം ധരിച്ചുവെച്ചതെങ്കിൽ അതല്ലെന്ന് മനസിലാക്കണം.
ഭരണഘടനപരമായ ഉത്തരവാദിത്തമാണ് ഞാൻ നിർവഹിച്ചത്. ആർട്ടിക്കിൾ 21 ബിയിൽ എംഎൽഎമാരുടെ അധികാരത്തെ കുറിച്ച് വിവരിച്ചിട്ടുണ്ട്. എഡിഎം ഇതൊന്നും വായിച്ചിട്ടില്ലെങ്കിൽ വായിക്കണം – കെ യു ജനീഷ് കുമാർ പറഞ്ഞു.