ശ്രീഹരിക്കോട്ട
ഐഎസ്ആർഒയുടെ ബേബിറോക്കറ്റ് രണ്ടാം പരീക്ഷണദൗത്യം വിജയകരം. ചെറു ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ രൂപകൽപ്പന ചെയ്ത എസ്എസ്എൽവി ഡി–-2 റോക്കറ്റ് മൂന്ന് ഉപഗ്രഹത്തെ കൃത്യതയോടെ ലക്ഷ്യത്തിലെത്തിച്ചു. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽനിന്ന് വെള്ളിയാഴ്ച 9.18 നായിരുന്നു വിക്ഷേപണം.
ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-07, യുഎസ്എയിൽ നിന്നുള്ള ജാനസ്–1, സ്പെയ്സ് കിഡ്സ് ഇന്ത്യയുടെ സഹായത്തോടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 750 വിദ്യാർഥിനികൾ തയ്യാറാക്കിയ ആസാദിസാറ്റ്-2 എന്നിവയെയാണ് എസ്എസ്എൽവി (സ്മാൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ) ഭ്രമണപഥത്തിലെത്തിച്ചത്. വിക്ഷേപണത്തിന്റെ പതിനഞ്ചാം മിനിറ്റിൽ ആദ്യ ഉപഗ്രഹം ഭ്രമണപഥത്തിലിറങ്ങി. തുടർന്ന്, ഒന്നിനു പിറകെ മറ്റൊന്നായി മറ്റു ഉപഗ്രഹങ്ങളും. മൂന്ന് ഉപഗ്രഹത്തിൽനിന്നുമുള്ള സിഗ്നലുകൾ ലഭിച്ചു കഴിഞ്ഞതായി ഐഎസ്ആർഒ അറിയിച്ചു.
മിനി, നാനോ, മൈക്രോ ഉപഗ്രഹങ്ങളെ 450 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിക്കുന്നതിനായി വികസിപ്പിച്ച റോക്കറ്റാണ് എസ്എസ്എൽവി. ആഗസ്തിൽ നടത്തിയ പരീക്ഷണം പരാജയപ്പെട്ടിരുന്നു. പരാജയകാരണങ്ങൾ പഠിക്കാൻ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാറ്റങ്ങൾ വരുത്തിയാണ് പുതിയത് രൂപകൽപ്പന ചെയ്തത്.