ഇസ്താംബൂള്‍
ഭൂകമ്പത്തിനുശേഷം നാലുദിവസം പിന്നിടുമ്പോള്‍ തുർക്കിയിലും സിറിയയിലും പ്രതീക്ഷകള്‍ നിരാശയ്ക്ക് വഴിമാറുന്നു. കുന്നുകൂടിയ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ ജീവനോടെ പുറത്തെത്തിക്കാമെന്ന പ്രതീക്ഷ കൊടുംതണുപ്പില്‍ മങ്ങിത്തുടങ്ങി. ആയിരക്കണക്കിനാളുകളെയാണ് ഇനിയും കണ്ടെത്താനുള്ളത്.
തുർക്കി നഗരങ്ങളിലൊന്നായ കഹ്റമൻമാരസിൽ തകർന്ന ഹോട്ടലിന്റെ ശേഷിപ്പുകള്ക്കടിയില് ഏകദേശം 60 പേർ ഇനിയും ഉണ്ടെന്ന് കരുതുന്നു. ഇനിയാരും അവിടെനിന്നും ജീവനോടെ പുറത്തുവരുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷയില്ല. കിട്ടിയ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. അടിയില്‍ തീ പടരുന്നുണ്ട്.കഹ്റമൻമാരസിൽമാത്രം ഏകദേശം 1000 കെട്ടിടം തകർന്നു. അറുനൂറിലധികംപേര് മരിച്ചു.
തുർക്കി, സിറിയ അതിർത്തിനഗരമായ ഗാസിയാന്റെപ്പില്‍ ആദ്യ ഭൂകമ്പത്തിനുശേഷം നൂറിലധികം തുടർചലനങ്ങളാണുണ്ടായത്. പര്‍വതമേഖലയില്‍ ഇനിയും ഇടിയുമെന്ന ആശങ്കയുണ്ട്. നഗരത്തിലെ തകര്‍ന്ന കെട്ടിടത്തിനടിയില്‍ 22 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. എന്നാല്‍, ഇനിയാരെയും ജീവനോടെ പുറത്തെടുക്കാമെന്ന പ്രതീക്ഷ ആര്‍ക്കുമില്ല. തെക്കൻ തുർക്കിയിലുടനീളം ആളുകള്‍ അതിശൈത്യത്തില്‍നിന്ന് രക്ഷതേടാന്‍ അടച്ചുറപ്പുള്ള കെട്ടിടവും കഴിക്കാന്‍ ഭക്ഷണവും തേടി അലയുകയാണ്.
മരണം
20,000
തുർക്കിയിലും സിറിയയിലും ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം ഇരുപതിനായിരത്തിലേക്ക് . കൊടുംതണുപ്പിൽ കുടുങ്ങിക്കിടക്കുന്നവരെ ജീവനോടെ പുറത്തെടുക്കാനാകുമോ എന്നതിൽ ആശങ്കയുണ്ട്. വെള്ളവും ഭക്ഷണവും ഇന്ധനവും സുരക്ഷിതമായി തങ്ങാൻ ഇടവുമില്ലാതെ ഇരുരാജ്യത്തുമായി ഇനിയും ആയിരങ്ങൾ മരിക്കാനിടയുണ്ടെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. ഭൂകമ്പത്തേക്കാൾ വലിയ മാനവിക ദുരന്തമായിരിക്കും അതെന്നും സംഘടന ചൂണ്ടിക്കാട്ടി. ഇരു രാജ്യത്തുമായി 400 കോടിയിലധികം ഡോളറിന്റെ (ഏകദേശം 33,000 കോടി രൂപ) നഷ്ടമുണ്ടായിരിക്കാമെന്നാണ് അന്താരാഷ്ട്ര ഏജൻസികളുടെ വിലയിരുത്തൽ. തുർക്കിയിൽമാത്രം മരണം 16,500 കടന്നു. 63,000 പേർക്ക് പരിക്കേറ്റു. സിറിയയില്‍ മരണം 3500 കടന്നു.5000 പേർക്ക് പരിക്കേറ്റു. രക്ഷപ്പെട്ടവര്‍ പോലും തങ്ങാൻ സുരക്ഷിതമായ ഇടമോ ആവശ്യത്തിന് വൈദ്യസഹായമോ ഇല്ലാതെ ദുരിതത്തിലാണ്. തുർക്കിയുടെയും സിറിയയുടെയും വിവിധ ഭാഗങ്ങളിൽ ആശുപത്രികളും ദുരിതാശ്വാസ കേന്ദ്രങ്ങളും നിറഞ്ഞുകവിഞ്ഞു. മഞ്ഞുറയുന്ന കാലാവസ്ഥയിൽ തുറന്ന സ്റ്റേഡിയങ്ങളിൽ താൽക്കാലിക ടെന്റുകളിൽ കഴിഞ്ഞുകൂടേണ്ട അവസ്ഥയിലാണ് ജനങ്ങൾ.
അന്റാക്യ ഉൾപ്പെടെയുള്ള തുർക്കി നഗരങ്ങളിൽ സഹായസാമഗ്രികളുമായി എത്തിയ വാഹനങ്ങൾക്കുചുറ്റും തിക്കുംതിരക്കും കൂട്ടുന്നവരുടെ ദൃശ്യങ്ങൾ പുറത്തുവന്നു. ശൈത്യകാലാവസ്ഥയും വിമാനത്താവളങ്ങൾക്കും റോഡുകൾക്കും കേടുപാടുണ്ടായതും സിറിയയിലേക്ക് സഹായമെത്തിക്കുന്നതിൽ കാലതാമസമുണ്ടാക്കുന്നുണ്ട്.
അരക്ഷിതമായി സിറിയ
പന്ത്രണ്ടുവര്‍ഷമായി ആഭ്യന്തരയുദ്ധത്താൽ തകർന്ന സിറിയയിൽ സർക്കാര്‍, വിമത നിയന്ത്രണമേഖലകളില്‍ മരണസംഖ്യ കുതിച്ചുയരുകയാണ്. അവശിഷ്ടങ്ങൾ നീക്കാനും അതിജീവിച്ചവരെ കണ്ടെത്താനും കാര്യമായ ശ്രമങ്ങളൊന്നും സിറിയന്‍ മേഖലയില്‍ ഉണ്ടാകുന്നില്ല. നാനൂറിലധികം നഗരമേഖല പൂര്‍ണമായും ഇടിഞ്ഞുതാണു. 250 മേഖല ഭാഗികമായി നശിച്ചു.
അവശിഷ്ടങ്ങൾക്കടിയിൽ ധാരാളം ആളുകളുണ്ട്, അവരെ പുറത്തെടുക്കാൻ കോണ്‍ക്രീറ്റ് തകര്‍ക്കാനുള്ള ഭാരമേറിയ യന്ത്രോപകരണങ്ങള്‍ ഇവിടേയ്ക്ക് എത്തിക്കാനായിട്ടില്ല. വടക്കുപടിഞ്ഞാറൻ ഇഡ് ലിബ് പ്രവിശ്യയില്‍ രക്ഷാസംഘം 50 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഒരു പുരുഷനെയും പെൺകുട്ടിയെയും ജീവനോടെ പുറത്തെടുത്തത്.
ഒടുവില്‍
യുഎന്സംഘമെത്തി
ഭൂകമ്പമുണ്ടായി മൂന്നാം ദിവസത്തിനുശേഷം യുഎന്നിന്റെ ആദ്യ സഹായസംഘം തുർക്കിയിൽനിന്ന് വടക്കുപടിഞ്ഞാറൻ സിറിയയിലെത്തി. പുതപ്പുകളും ശുചിത്വ കിറ്റുകളും ഉൾപ്പെടെയുള്ള ആറ് ട്രക്ക് വ്യാഴാഴ്ച ബാബ് അൽ-ഹവയിലെ സിറിയന്‍ അഭയാര്ഥിമേഖലയിലെത്തി. ശക്തമായ മഞ്ഞുവീഴ്ചയും തകര്‍ന്ന ഗതാഗത സംവിധാനവുമാണ് സിറിയയിലേക്കുള്ള സഹായദൗത്യങ്ങളുടെ വരവ് വൈകിച്ചത്. തുര്‍ക്കി–- സിറിയ അതിര്‍ത്തിയിലെ ഗാസിയാന്റെപ്പില്നിന്ന് കിലിസ്-കിരിഖാൻ വഴിയും മെർസിനിൽനിന്ന് അദാന-കിരിഖാൻ വഴിയും സിറിയയിലേക്ക് കടക്കാന്‍ ഇപ്പോള്‍ ബദല്‍ റൂട്ടുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.