കൊച്ചി
റോഡുകളിലെ സീബ്രാ ക്രോസിങ്ങിലുണ്ടാകുന്ന അപകടങ്ങൾക്ക് വാഹന ഡ്രൈവർക്കാണ് പ്രാഥമിക ഉത്തരവാദിത്വമെന്ന് ഹൈക്കോടതി. സീബ്രാ ക്രോസിങ്ങിലൂടെ ആളുകൾ കടക്കുമ്പോൾ വാഹനത്തിന്റെ വേഗം കുറയ്ക്കാനും നിർത്താനും ഡ്രൈവർക്ക് ബാധ്യതയുണ്ട്. ഇവിടെ കാൽനടയാത്രക്കാർക്കാണ് പ്രഥമ പരിഗണനയെന്നും കോടതി വ്യക്തമാക്കി. സീബ്രാ ക്രോസിങ്ങിലുണ്ടായ അപകടത്തിൽ മരിച്ച പ്രധാനാധ്യാപികയുടെ ബന്ധുക്കൾക്ക് 48.3 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയ തലശേരി മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിന്റെ ഉത്തരവിനെതിരെ ഇൻഷുറൻസ് കമ്പനി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം.
കണ്ണൂർ ചെറുകുന്നിൽ ദേശീയപാതയിലെ സീബ്രാ ക്രോസിങ്ങിലൂടെ കടക്കുന്നതിനിടെ പൊലീസ് വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ അധ്യാപിക ഡൊറീന റൊള മെൻഡൻസ പിന്നീട് ആശുപത്രിയിൽ മരിച്ചു. ഇവരുടെ മക്കൾ പ്രായപൂർത്തിയായവരാണെന്നും മരിച്ചയാളുടെ ആശ്രിതരായി കണക്കാക്കാനാകില്ലെന്നുമായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ വാദം. അപകടകാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്നും അധ്യാപികയുടെ മരണം കുടുംബത്തിന് വിലമതിക്കാനാകാത്ത നഷ്ടമുണ്ടാക്കിയെന്നും വിലയിരുത്തിയ കോടതി, ട്രിബ്യൂണൽ വിധിച്ച നഷ്ടപരിഹാരത്തുക ആശ്രിതർക്ക് നൽകാനും നിർദേശിച്ചു. ദേശീയപാത അതോറിറ്റി, ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, പൊതുമരാമത്ത് സെക്രട്ടറി എന്നിവർക്ക് ഉത്തരവ് അയച്ചുകൊടുക്കാനും നിർദേശിച്ചു.
കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുമ്പോൾ വാഹനങ്ങൾ വേഗം കുറയ്ക്കണമെന്നാണ് റോഡ് റെഗുലേഷൻ നിയമം. ഇത് പല ഡ്രൈവർമാരും പാലിക്കുന്നില്ല. റോഡ് സുരക്ഷയെക്കുറിച്ച് ഡ്രൈവർമാർക്കും അറിവില്ല. റോഡുകളിൽ പലയിടത്തും അപൂർവമായിമാത്രമേ സീബ്രാ ക്രോസിങ്ങുകളുള്ളൂ. കൃത്യമായ ഇടങ്ങളിൽ സീബ്രാ ക്രോസിങ്ങുകൾ രേഖപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചു. അപകടങ്ങളുണ്ടാകുമ്പോൾ കാൽനടയാത്രക്കാരന്റെമേൽ ശ്രദ്ധക്കുറവെന്ന കുറ്റം ചുമത്താനാകില്ല. നിയമം പാലിക്കാൻ ബാധ്യസ്ഥരായ പൊലീസുകാരുടെ വാഹനമിടിച്ചാണ് ഇവിടെ അപകടമുണ്ടായതെന്നും കോടതി പറഞ്ഞു.