തൃശൂർ
‘കേരളം സുന്ദരമാണ്, അത് ഭൂപ്രകൃതികൊണ്ടല്ല. സമാനമായ ഭൂപ്രകൃതി പലേടത്തുമുണ്ട്. ഇതിനേക്കാൾ സുന്ദരമായ കാഴ്ചകളുമുണ്ട്. എന്നാൽ ഇത്രയും വലിയ കൂട്ടായ്മ സംഘടിപ്പിക്കാൻ മറ്റെവിടേയും സാധ്യമാവുമെന്ന് തോന്നുന്നില്ല. അതുകൊണ്ടാണ് കേരളം സുന്ദരമാകുന്നത്. ’ പറയുന്നത് ഇതരസംസ്ഥാനത്തുനിന്നെത്തിയ വനിതാ നാടകപ്രവർത്തകരാണ്. ഇത് നാടകം കളിക്കാൻ മാത്രമുള്ള ഇടം എന്നതിനപ്പുറം മനുഷ്യരെ ഒന്നിച്ചു നിർത്താനുള്ള ഇടമായി മാറുന്നു. എല്ലാ തീനാളവും ഭരണകൂടം അണച്ചുകളയുന്ന കാലത്ത് കേരളം അഗ്നിശോഭ കെടാതെ ആളിക്കത്തിക്കുന്നുവെന്നാണ് തനിക്ക് തോന്നിയതെന്ന് ഡൽഹിയിൽ നിന്നെത്തിയ മഞ്ജരി കൗൾ പറയുന്നു.
ഇറ്റ്ഫോക്കിനോടനുബന്ധിച്ച് നടക്കുന്ന സ്ത്രീ നാടകശിൽപ്പശാലയിൽ പങ്കെടുക്കുന്ന ഇതരസംസ്ഥാന പ്രതിനിധികളാണ് മഞ്ജരി, സുനിത മാൽപ്പനി, അഹല്യ മല്ലാൾ( മുംബൈ), എൻ ടി ദീപ്തി(മംഗലാപുരം), കാഷിഷ് ഭാട്ടിയ(രാജസ്ഥാൻ) എന്നിവർ. നാടകത്തിന്റെ വിവിധ മേഖലകളിൽ വർഷങ്ങളായി പ്രവർത്തിക്കുന്നവരാണെങ്കിലും കേരളത്തിലെ അനുഭവം പുതിയതാണ്. സ്ത്രീകളുടെ ഇത്രയും വലിയ നാടകകൂട്ടായ്മ, അതും പ്രായഭേദമില്ലാതെ വിളിച്ചു ചേർക്കാൻ കേരളത്തിനു മാത്രമേ സാധ്യമാവൂ. കുടുംബം ഭേദിച്ചു പുറത്തുകടക്കൽ കൂടുതൽ ദുഷ്കരമാവുന്ന കാലത്ത് അമ്പതോളം സ്ത്രീകൾ, അവരിൽ ഭൂരിപക്ഷവും നാട്ടിൻ പുറങ്ങളിലെ വീട്ടമ്മമാർ നാടകം പഠിക്കാൻ, കളിക്കാൻ ഒത്തുകൂടുന്നുവെന്നത് പ്രതീക്ഷാനിർഭരമാണ്. എത്രയേറെ പിന്നോട്ട് വലിച്ചാലും തളരാതെ മുന്നേറുമെന്ന പ്രതീക്ഷയാണ് കേരളം.
ലോകമെമ്പാടും മനുഷ്യജീവിതം പലവിധത്തിൽ അസ്വസ്ഥമാവുന്ന കാലത്ത് വിവിധദേശങ്ങളിലെ മനുഷ്യരെ ഒരുമിച്ചു ചേർക്കുക എന്ന മഹാത്തായ ലഷ്യമാണ് ഇറ്റ്ഫോക് സാധ്യമാക്കുന്നത്.
ഇറ്റ്ഫോക്കിന് മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ നാടകപ്രവർത്തകരായ മഞ്ജരി കൗൾ, സുനിത മാൽപ്പനി, കഷീഷ് ഭാട്ടിയ, എൻ ടി ദീപ്തി, അഹല്യ ബല്ലാൾ