ന്യൂഡൽഹി
രാജ്യത്തെ 12 ലക്ഷത്തിലേറെ കുട്ടികൾ വിദ്യാഭ്യാസം നേടാതെ സ്കൂളിനു പുറത്തെന്ന് കേന്ദ്ര സർക്കാർ. ഇതിൽ കൂടുതൽ കുട്ടികളുള്ളത് യുപി, ഗുജറാത്ത് സംസ്ഥാനങ്ങളിൽ. പ്രാഥമികതലത്തിൽ 9,30,531ഉം സെക്കൻഡറിതലത്തിൽ 3,22,488ഉം വിദ്യാർഥികളും സ്കൂളിലെത്തുന്നില്ലെന്ന് രണ്ടുവർഷത്തെ കണക്ക് ഉദ്ധരിച്ച് വിദ്യാഭ്യാസമന്ത്രാലയം രാജ്യസഭയിൽ എ എ റഹിമിനെ അറിയിച്ചു.
ഉത്തർപ്രദേശിലാണ് പ്രാഥമികതലത്തിൽ ഏറ്റവും കൂടുതൽ പേർക്ക് വിദ്യാഭ്യാസം ലഭിക്കാത്തത്–- 3.96 ലക്ഷം. ഗുജറാത്തിൽ പ്രാഥമികതലത്തിൽ 1,068,55 കുട്ടികൾ സ്കൂളിനു പുറത്താണ്. സെക്കൻഡറിതലത്തിൽ 36,522 പേരും. അതേസമയം, കേരളത്തിൽ നാമമാത്ര വിദ്യാർഥികളാണ് സ്കൂളിനു പുറത്തുള്ളത്. ബിജെപി വലിയ മാതൃകയായി ഉയർത്തിക്കാട്ടുന്ന സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസരംഗത്തെ ശോചനീയാവസ്ഥയാണ് കണക്കുകളിൽ പ്രതിഫലിക്കുന്നതെന്ന് റഹിം പറഞ്ഞു.
76 ശതമാനവും മുടക്കുന്നത്
സംസ്ഥാനങ്ങൾ
വിദ്യാഭ്യാസത്തിനായി സർക്കാരുകൾ മുടക്കുന്ന ആകെ തുകയിൽ 76 ശതമാനവും ചെലവാക്കുന്നത് സംസ്ഥാന സർക്കാരുകളാണെന്നും കേന്ദ്രവിഹിതം കുറഞ്ഞെന്നും വെളിവാക്കുന്ന കണക്ക് പുറത്ത്.
കേന്ദ്രവിഹിതം 26ൽനിന്ന് 24 ശതമാനം ആയെന്ന് വി ശിവദാസനെ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർക്കാർ അറിയിച്ചു. 2020–- -21ൽ വിദ്യാഭ്യാസത്തിനായി ഏഴു ലക്ഷം കോടി സംസ്ഥാനങ്ങൾ ചെലവാക്കിയപ്പോൾ കേന്ദ്രം എല്ലാ സംസ്ഥാനങ്ങൾക്കുമായി ആകെ മുടക്കിയത് 2.2 ലക്ഷം കോടിമാത്രം. ജിഡിപിയുടെ ആകെ 4.64 ശതമാനം മാത്രമാണ് വിദ്യാഭ്യാസത്തിനായി നീക്കിവയ്ക്കുന്നത്. ക്ഷേമപ്രവർത്തനങ്ങൾക്കുവേണ്ടി വലിയ തുക ചെലവാക്കുന്ന കേരളംപോലുള്ള സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേതെന്ന് ശിവദാസൻ പ്രസ്താവനയിൽ പറഞ്ഞു.